
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ കിക്ക്സ് എസ്.യു.വി ഇന്ത്യയില്‍ ഇന്ന് പുറത്തിറങ്ങും. കിക്ക്സ് വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് വിപണിയിലെത്തുക.
ഹ്യുണ്ടായ് ക്രെറ്റയാണ് മുഖ്യ എതിരാളി. വില അടക്കമുള്ള കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ കമ്പനി പ്രഖ്യാപിച്ചേക്കും. പ്രീ-ബുക്കിങ്ങും ഇന്ന് മുതല്‍ ആരംഭിക്കും.
കിക്ക്സിന്റെ സ്ഥാനം നിസ്സാന്‍ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ്. എന്നാൽ, നിസ്സാന്റെ വി പ്ലാറ്റ്ഫോമിലല്ല ഇന്ത്യന്‍ സ്പെക്ക് കിക്ക്സ്, പരിഷ്കരിച്ച M0 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം. വില കുറയ്ക്കാനും ഇത് സഹായിക്കും. റെനോയുടെ ഡസ്റ്റര്‍ എസ്.യു.വി.യും ഇതേ പ്ലാറ്റ്ഫോമിലാണ്.
കിക്ക്സിലും ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയില്‍ നല്കിയ അതേ എന്ജിന് ഉള്‍പ്പെടുത്താനാണ് സാധ്യത എന്നാണ് സൂചന. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.
അഞ്ചു സ്പീഡാണ് പെട്രോള്‍ പതിപ്പിലെ മാന്വല്‍ ഗിയര്‍ബോക്സ് . ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും. ഇതിനൊപ്പം ഓട്ടോമാറ്റിക് വേരിയന്റും ഇങ്ങോട്ടെത്തും. വിദേശത്തുള്ള കിക്ക്സിനെക്കാള്‍ വലിപ്പം കൂടുതലാണ് ഇന്ത്യന്‍ കിക്ക്സിന്. നീളവും വീതിയും ഉയരവും വീല്‍ബേസും അല്പം കൂടും.






