
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്മൃതിസ്തംഭം ഗുജറാത്തില്‍ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ദിവസം പട്ടിണി കിടന്ന് പ്രതിഷേധിക്കാന്‍ നര്‍മ്മദയിലെ മുക്കാല്‍ ലക്ഷം ആദിവാസികള്‍ തയ്യാറെടുക്കുന്നു. അടുത്തയാഴ്ച ഒദ്യോഗികമായി തുറന്നു കാട്ടുമ്പോള്‍ പ്രതിമ നിര്‍മ്മാണം മൂലം ജീവസന്ധാരണം നഷ്ടമായവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരും.
പദ്ധതി നടപ്പാകുന്ന പ്രദേശത്തെ 72 കുടുംബങ്ങള്‍ അന്ന് വീട്ടില്‍ ആഹാരം പാകം ചെയ്യാതെ പട്ടിണി ആചരിക്കും. ആചാരമനുസരിച്ച് മരിച്ചവര്‍ക്കായി ദുഃഖിക്കുമ്പോള്‍ ആദിവാസി വീടുകളില്‍ ഭക്ഷണം പാകം ചെയ്യാറില്ലെന്ന് ആദിവാസി നേതാവായ പ്രഫുല്‍ വാസവ പറഞ്ഞു. പ്രതിമ നില്ക്കുന്ന പ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ആദിവാസികളാണ് പദ്ധതിക്കെതിരെ പ്രതിഷേധത്തിനായി തയ്യാറെടുക്കുന്നത്. ഈ 'നിസ്സഹകരണ മുന്നേറ്റത്തിന്' വലുതും ചെറുതുമായ നൂറോളം ആദിവാസി സംഘടനകളുടെ പിന്തുണയുണ്ട്. 'വടക്കേ ഗുജറാത്തിലെ ബാണസ്കന്ദ മുതല്‍ തെക്കന്‍ ഗുജറാത്തിലെ ഡാങ് ജില്ല വരെയുള്ള 9 ആദിവാസി ജില്ലകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കും,' വാസവ പറഞ്ഞു.
പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള സര്‍ദാര്‍ സരോവര്‍ നര്‍മ്മദ പദ്ധതിക്കും പ്രതിമക്കും പ്രദേശത്ത് ആസൂത്രണം ചെയ്യുന്ന മറ്റ് വിനോദസഞ്ചാര പദ്ധതികള്‍ക്കുമായി അനേകരുടെ ഭൂമിയാണ് ഏറ്റെടുത്തത്. സര്‍ക്കാര്‍ പണം നല്കി ഭൂമി ഏറ്റെടുത്തു. പക്ഷെ നര്‍മദ ട്രിബുണല്‍ പുനരധിവാസ പദ്ധതിപ്രകാരമുള്ള പകരം ഭൂമി, തൊഴില്‍ തുടങ്ങിയ ഒരുറപ്പും പാലിക്കപ്പെട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പദ്ധതി ദോഷം ചെയ്ത 72 ഗ്രാമങ്ങളിലും അന്നത്തെ ദിവസം ഞങ്ങള്‍ ദുഃഖാചരണം നടത്തുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യില്ല. സ്കൂളുകളും ഓഫീസുകളും കടകളും മാത്രമല്ല ബന്ദ് ആചരിക്കുക. വീടുകളും അന്ന് നിശബ്ദമാകുമെന്ന് നേതാക്കള്‍ പറയുന്നു.
പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളില്‍ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങള്‍ക്കാണ്. അതില്‍ 19 ഗ്രാമങ്ങളില്‍ പുനരധിവാസപ്രവര്‍ത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. അതില്‍ ഇപ്പോള്‍ കെവാഡിയ കോളനി ഉള്ളിടത്താണ് ആറെണ്ണം. നഷ്ടപരിഹാരം മാത്രം നല്‍കുകയും ഭൂമി, ജോലി തുടങ്ങിയ മറ്റു ഉറപ്പുകള്‍ പാലിക്കാതിരിക്കുകയും ചെയ്ത ഗരുഡേശ്വര്‍ ബ്ളോക്കിലാണ് ഏഴ് ഗ്രാമങ്ങള്‍. പകരം ഭൂമി കിട്ടിയവര്‍ പോലും പ്രതിഷേധത്തിലാണ്. കൃഷി ചെയ്യാനാകുമായിരുന്ന തന്റെ ഭൂമി സര്‍ദാര്‍ സരോവറില്‍ മുങ്ങിപ്പോയപ്പോള്‍ പകരം നല്‍കിയത് സാഗ്ബാര പ്രദേശത്തെ ഒന്നിനും കൊള്ളാത്ത ഭൂമിയാണെന്നാണ് ഒരാളുടെ പരാതി. ഭൂമി ഏറ്റെടുക്കലില്‍ പ്രതിഷേധിച്ച് ചിലര്‍ നഷ്ടപരിഹാരത്തുകപോലും വാങ്ങിയിട്ടില്ലെന്നും ചിലര്‍ പറയുന്നു.
അതേസമയം പ്രതിഷേധം ഉയരുമ്പോഴും ഗുജറാത്തിലേയും കേന്ദ്രത്തിലേയും ബി ജെ പി സര്‍ക്കാരുകള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ പട്ടേലിന്റെ 'ഐക്യ പ്രതിമ' ഒകേ്ടാബര്‍ 31നു അനാച്ഛാദനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്തിനെ മഹാനായ പുത്രന് സര്‍ദാര്‍ പട്ടേലിനെതിരെ തങ്ങള്‍ക്ക് ഒരു പ്രശ്നമില്ല. വികസനത്തിനും തങ്ങള്‍ എതിരല്ല. എന്നാല്‍ ഈ സര്‍ക്കാരിന്റെ വികസന സങ്കല്പം തലതിരിഞ്ഞതും ആദിവാസികള്ക്കെതിരുമാണെന്ന് അദ്ദേഹം പറഞ്ഞു.






