
തിരുവനന്തപുരം: ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് തൂഫാന് പദ്ധതി ഒരുമാസം പിന്നിടുമ്പോള്‍ ഇതുവരെ പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി ഉത്പ്പന്നങ്ങള്‍. സംസ്ഥാനമൊട്ടാകെ 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അറസ്റ്റിലായത് 5,736 പേര്. കഴിഞ്ഞ 27ന് രാത്രി നടത്തിയ 'തൂഫാന് സ്ട്രൈക്കി'ലൂടെ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എം.ഡി.എം.എ, 392.100 കിലോ കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3294 കഞ്ചാവ് ബീഡികള്‍ അടക്കമുള്ള മാരക ലഹരി വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്.
കഴിഞ്ഞ 24ന് എറണാകുളത്ത് 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതാണ് ഓപ്പറേഷന് തൂഫാനിലെ ഇതുവരെയുള്ള ഏറ്റവും വലിയ 'ലഹരിവേട്ട'. 26 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ. മലപ്പുറത്തുനിന്നു കണ്ടെടുത്തതും കാസര്‍ഗോട്ടെ പുകയില നിര്‍മാണ കേന്ദ്രം തകര്‍ത്ത് 15,000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതും പത്തനംതിട്ട പോലീസിന്റെ നേതൃത്വത്തില്‍ ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു നൈജീരിയന്‍ സ്വദേശികളായ ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും 'തൂഫാന്റെ' നേട്ടങ്ങളില്‍ ചിലതുമാത്രം.
വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സജീവപങ്കാളിത്തം ഓപ്പറേഷന് തൂഫാനെ ശ്രദ്ധേയമാക്കുന്നു. രാജ്യാന്തര ലഹരി വിരുദ്ധദിനത്തോടനു ബന്ധിച്ച് സ്കൂളുകളിലും കോളജുകളിലുമായി 20 ലക്ഷത്തോളം വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്ത തൂഫാന് പ്രതിജ്ഞയും റാലികളും നടന്നു. സാധാരണക്കാര്‍ക്കൊപ്പം സാമൂഹിക, സാംസ്കാരിക, സാമുദായിക, കലാ രംഗങ്ങളിലെ സംഘടനകളും വ്യക്തികളും തൂഫാന് വാരിയര്‍മാരായി.
ലഹരിവ്യാപനത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു. ഇതിനോടകം 6005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അയ്യായിരത്തി ഒരുന്നൂറിലധികം ബോധവത്ക്കരണ പരിപാടികളും നടത്തി. ജൂണ്‍ രണ്ടിന് തുടങ്ങിയ ഈ കൊടുങ്കാറ്റ് വരുംമാസങ്ങളില്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ അറിയിച്ചു.






