
തൃശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശി സുജാതയെയും കാമുകന് സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘത്തില്‍പെട്ട നാലു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജറാക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നല്കിയ ക്വട്ടേഷനാണെന്ന് മനസിലായത് സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവര്‍ നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ കാറിടിച്ച് കൊല്ലാനുള്ള ശ്രമത്തിനിടെ അത്ഭുതകരമായി കൃഷ്ണകുമാര്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും നടന്ന് പോകവേ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും കൃഷ്ണകുമാറിന്റെ മനസില്‍ നിറയെ സംശയങ്ങളായിരുന്നു. റോഡില്‍ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോള്‍ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു കൃഷ്ണകുമാറിനെ അലട്ടിയിരുന്നത്. ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയങ്ങള്‍ ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്ണകുമാര്‍ ഈ സംശയങ്ങളെല്ലാം വച്ച് പൊലീസിനു നല്കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്യേഷണങ്ങള്ക്കൊടുവിലാണ് സത്യം വെളിച്ചത്തു വരുന്നത്.






