
വാരണാസി: വാരണാസിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ പോലീസ് പിടികൂടിയ പാകിസ്താനി പൗരന് 16 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി. ഞായറാഴ്ച വാരണാസിയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ ഒരു ഭഗവത് ഗീതയും ഒപ്പംകൊണ്ടുപോകുകയാണ്.
പാകിസ്താനിലെ സിന്ധ് സ്വദേശിയായ ജലാലുദ്ദീനെ 2001ല്‍ വാരണാസിയിലെ കന്റോണ്‍മെന്റ് ഏരിയയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ചില രേഖകളുമായി പോലീസ് പികൂടുന്നത്. വ്യോമസേന ഓഫീസിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും കന്റോണ്‍മെന്റ് ഏരിയയുടെ അടുക്കം പ്രധാനപ്പെട്ട കേന്ദ്രങ്ങളുടെ മാപ്പുകള്‍ കണ്ടെടുത്തിരുന്നു.
ഒഷീസ്യല് സീക്രട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരമാണ് ജലാലുദ്ദീന്‍ ശിക്ഷിക്കപ്പെട്ടത്. ശിക്ഷകഴിഞ്ഞിറങ്ങിയ ജലാലുദീനെ ലോക്കല്‍ പോലീസിന് കൈമാറിയെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഭഗവത് ഗീതയുടെ ഒരു പകര്‍പ്പ് നല്‍കിയതായും വാരണാസി സെന്‍ട്രല്‍ ജയയില്‍ സീനിയര്‍ സൂപ്രണ്ട് അംബരീഷ് ഗൗഡ് പറഞ്ഞു.
പിടിയിലാകുമ്പോള്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമായിരുന്നു ജലാലുദ്ദീന്‍ ഉണ്ടായിരുന്നത്. ജയിലില്‍ പഠനം തുടര്‍ന്ന ജലാലുദ്ദീന്‍ ഇന്റര്‍മീഡിയറ്റും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എയും പാസായതായി അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രീഷ്യന് കോഴ്സും പാസായി. കഴിഞ്ഞ മൂന്നു വര്‍ഷം ജയില്‍ ക്രിക്കറ്റ് ടീമിലെ അംമ്പയര്‍ ആയിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
പ്രത്യേക പോലീസ് സംഘത്തിനൊപ്പം അമൃത്സറില് എത്തുന്ന ജലാലുദ്ദീനെ വാഗാ-അട്ടാരി അതിര്‍ത്തിയില്‍ എത്തിച്ച് പാകിസ്താന് അധികൃതര്‍ക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.






