കോട്ടയം: ദളിത് യുവാവ് കെവിന് ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ എ.എസ്.ഐയെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കെവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടയാനും തീരുമാനമായി.
ഇക്കഴിഞ്ഞ മെയ് 27നാണ് കെവിനെ ഭാര്യ നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ജാതി മാറി കെവിനെ വിവാഹം കഴിച്ചതാണ് നീനുവിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. വിദേശത്തായിരുന്ന ഷാനു ചാക്കോ ലീവ് എടുത്ത് നാട്ടില്‍ വന്നാണ് കൊലപാതകം നടത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോയെന്ന് നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിട്ടും എ.എസ്.ഐ ബിജു അടക്കമുള്ള പോലീസുകാര്‍ ഷാനുവില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം പ്രതികള്‍ക്ക് ഒത്താശ ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാനു ചാക്കോ അടക്കം 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഷാനു ചാക്കോയും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ഓടിച്ചു പുഴയില്‍ ചാടിക്കുകയും തുടര്‍ന്ന് മുങ്ങി മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബലമായി പുഴയില്‍ ചാടിച്ചതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാനു ചാക്കോയാണ് മുഖ്യ സൂത്രധാരന്‍. കെവിന് കൊലക്കേസില്‍ പ്രതികള്‍ അറസ്റ്റിലായി 58-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അതിനിടെ ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി-4 ഇന്നലെ നിരീക്ഷിച്ചിരുന്നു. ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി വിധി പരിഗണിച്ച് കെവിന്റെ കൊലപാതകത്തെ ദുരഭിമാന കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സെഷന്‍സ് കോടതി ഉത്തരവ്.






