
തിരുവന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവെച്ചു. തന്നെയും മന്ത്രി ജി. സുധാകരനേയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജൂബിലി നവപ്രഭ രാജിവെച്ചത്.
പദവി സ്ഥിരപ്പെടുത്താനോ, ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു നീക്കം കേരള സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടോ എന്ന കാര്യം തനിക്കറിയില്ല. തന്നെ കരുവാക്കിക്കൊണ്ട് മന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും ജൂബിലി തുറന്നടിച്ചു. ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അഞ്ച് മാസത്തിനു ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടിയാണെന്നാണ് ആരോപണമുയര്‍ന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജിവെയ്ക്കാന്‍ തീരുമാനിക്കുന്നത്.






