ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചോദ്യം ചെയ്യാന്‍ പൂനെ പോലീസ് തയ്യാറെടുക്കുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടേയും വീടുകളിലും ഓഫീസുകളിലും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പൂനെ പോലീസ് റെയ്ഡ് നടത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആക്ടിവിസ്റ്റുകളുടെ അറസ്റ്റിലേക്ക് നയിച്ച റെയ്ഡുകളില് പിടിച്ചെടുത്ത കത്തില്‍ നിന്ന് ദിഗ്വിജയ് സിംഗിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചുവെന്നാണ് പൂനെ പോലീസിന്റെ ആരോപണം.
ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ദിഗ്വിജയ് സിംഗിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പൂനെ ഡി.സി.പി സുഹാസ് ബാവ്ചെ പറഞ്ഞു. സഖാവ് പ്രകാശ് എന്നയാള്‍ സഖാവ് സുരേന്ദ്ര എന്നയാള്‍ക്ക് എഴുതിയ കത്തിനുള്ളില്‍ ദിഗ്വിജയ് സിംഗിന്റെ ഫോണ്‍ നമ്പര്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പൂനെ പോലീസിന്റെ ആരോപണം. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന പരാമര്‍ശവും കത്തിലുണ്ട്. കത്ത് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം തനിക്ക് മാവോയിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. ആര്.എസ്.എസും ബി.ജെ.പിയും തന്നെ ഭയക്കുന്നു. അതാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്റെ ഫോണ്‍ നമ്പര്‍ പരസ്യമാണ്. രാജ്യസഭയുടെ വെബ് പോര്‍ട്ടലില്‍ നമ്പര്‍ ലഭ്യമാണ്. പരസ്യമായ നമ്പര്‍ നിരവധി പേര്‍ക്ക് അറിയാവുന്നതുമാണ്. പ്രസ്തുത നമ്പര്‍ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






