
ദ്യോറിയ: ഉത്തര്‍പ്രദേശിലെ ദ്യോറിയയിലുള്ള അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ ക്രൂരതകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് കാഴ്ചയില്ലാത്തവരെയും പ്രായമായവെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്യേണ്ടി വന്നു. അഭയകേന്ദ്രത്തിലെ ഒമ്പത് പെണ്‍കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയില്‍ പെടുത്തിയാണ് വിവാഹം നടത്തിയത്.
ദ്യോറിയയിലെ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തികളും ശാരീരിക ശിക്ഷകളും ക്രൂരതകളും കൃത്യമായി അന്വേഷിക്കാനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ കോടതി ചുമതലപ്പെടുത്തിയിരുന്നു. അഭയകേന്ദ്രത്തിലെ 11 വയസുള്ള പെണ്‍കുട്ടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ക്രൂരതകള്‍ പുറംലോകമറിയുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് പെണ്‍കുട്ടി പോലീസില്‍ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്. അന്ന് തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി പോലീസ് അഭയകേന്ദ്രത്തിലെ ക്രൂരതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.
മാ വിദ്യാവസിനി മഹിള, ബലിക സന്‍രക്ഷന്‍ ഗൃഹ എന്നീ അഭയകേന്ദ്രങ്ങളുടെ ഉടമയായ ഗിരിജ തൃപാതിയാണ് കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ പെടുത്തിയാണ് ഈ വിവാഹങ്ങള്‍ നടന്നതെന്ന് കണ്ടെത്തിയത്.
തനിക്ക് യാതൊരു താത്പര്യവും ഇല്ലാത്ത ഒരാളുടെയൊപ്പമാണ് പെണ്‍കുട്ടികളില്‍ ഒരാളുടെ വിവാഹം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രായമേറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ഒരാളുമായായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം നടന്നത് അന്ധനായ പ്രായമേറിയ ആള്‍ക്കൊപ്പമായിരുന്നു. ഇയാളുടെ മാതാപിതാക്കള്‍ ഗിരിജ തൃപാതിക്ക് വന്‍ തുക പണവും നല്‍കിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ വിവാഹ പദ്ധതിയില്‍ നിന്നും ഓരോ വിവാഹത്തിനും ലഭിച്ച 35000 രൂപയില്‍ നിന്നും 5000 രൂപ വീതം ഗിരിജ കൈക്കലാക്കി.





