ഇന്ത്യ സ്വന്തമായുണ്ടാക്കിയ ഹൈസിസ് ഉപഗ്രഹവും വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി-43 കുതിക്കും.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.58നാണ് വിക്ഷേപണം. വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ പുലര്‍ച്ചെ 5.58ന് തുടങ്ങി.
പിഎസ്എല്‍വിയുടെ 45ാമത്തെ ദൗത്യത്തില്‍ ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ഹൈസിസിനെ 636 കിലോമീറ്റര്‍ അകലെ പോളാര്‍ സണ്‍ സിങ്ക്രണൈസ് ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് പി.എസ്.എല്‍.വി സി43യുടെ ദൗത്യം. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് പഠന വിധേയമാക്കുകയാണ് ഹൈസിസിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലസംവിധാനം, തുടങ്ങിയവക്കും സൈനികാവശ്യങ്ങള്‍ക്കുമായിരിക്കും ഹൈസിസിലെ വിവരങ്ങള്‍ ഉപയോഗിക്കുക. അഞ്ച് വര്‍ഷമാണ് ഈ ഉപഗ്രഹത്തിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ഹൈസിസിനൊപ്പം വിക്ഷേപിക്കുന്ന 30 വാണിജ്യ ഉപഗ്രഹങ്ങളില്‍ ഒരെണ്ണം മൈക്രോ ഉപഗ്രഹവും ബാക്കിയുള്ളവ നാനോ ഉപഗ്രഹവുമാണ്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, കാനഡ, സ്വിറ്റ്സര്‍ലന്റ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് ഉപഗ്രഹങ്ങള്‍. ഇതില്‍ 23 എണ്ണം അമേരിക്കയുടേതാണ്.






