
പാറ്റ്ന: ആര്.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവ് വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ഭാര്യ ഐശ്വര്യ റായിയില്‍ നിന്ന് വിവാഹമോചനം തേടി നവംബര്‍ മൂന്നിനാണ് തേജ് പ്രതാപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഇടപെടലിനെ തുടര്‍ന്ന് തേജ് പ്രതാപ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
നവംബര്‍ മൂന്നിന് വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ തേജ് പ്രതാപിനെ അനുനയിപ്പിക്കാന്‍ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തേജ് പ്രതാപ് വഴങ്ങിയില്ല. ഇതിന് പിന്നാലെ വീടുവിട്ട തേജ് പ്രതാപ് ഹരിദ്വാറിലേക്ക് പോവുകയും വിവാഹമോചനം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഭാര്യയും താനും ഒരിക്കലും ഒരുമിച്ച് പോകില്ലെന്നും ഭാര്യയുടെ ആധുനിക രീതിയിലുള്ള ജീവിതവുമായി പൊരുത്തപ്പെടാനാകില്ലെന്നുമായിരുന്നു തേജ് പ്രതാപിന്റെ നിലപാട്. താന്‍ വിവാഹം വേണ്ടന്ന് പറഞ്ഞിട്ട് ആരും ചെവിക്കൊണ്ടില്ലെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും തേജ് പ്രതാപ് ആരോപിച്ചിരുന്നു.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റാബ്റി ദേവിയുടേയും മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവും ബീഹാര്‍ മുന്‍ മഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകളും ആര്.ജെ.ജി എം.എല്‍.എ ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹിതരായത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ് പിന്നീട് പുറത്ത് വന്നത്.







Comments