
ഇസുസു മോട്ടോഴ്സ് ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉല്‍പ്പാദന-വിതരണ ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് ഇസുസു മോട്ടോഴ്സ് ഇന്ത്യ വ്യക്തമാക്കി.
ഡി-മാക്സ് പിക്കപ്പുകളുടെയും എംയു-എക്സ് എസ്യുവിയുടെയും വിലയിലാണ് വര്‍ധന വരുത്തുന്നതെന്നാണ് റിപ്പോർട്ട്. 2018 ഇസുസു എംയു-എക്സ് ഫേസ്ലിഫ്റ്റ് ഒക്റ്റോബറില്‍ പുറത്തിറക്കി.
വിവിധ മോഡലുകളും വേരിയന്റുകളും അനുസരിച്ച് 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. ലൈഫ്സ്റ്റൈല്‍-അഡ്വഞ്ചര്‍ പിക്കപ്പായ ഡി-മാക്സ് വി-ക്രോസിന്റെയും എംയു-എക്സ് എസ്യുവിയുടെയും വില 3 മുതല്‍ 4 ശതമാനം വരെയും ഡി-മാക്സ് റെഗുലര്‍ കാബ്, ഡി-മാക്സ് എസ്-കാബ് മോഡലുകളുടെ വില 1 മുതല്‍ 2 ശതമാനം വരെയും വര്‍ധിപ്പിക്കുമെന്നാണ് ഇസുസു മോട്ടോഴ്സ് അറിയിച്ചത്.
എല്ലാ ഡി-മാക്സ് മോഡലുകളുടെയും വില ഈ വര്‍ഷം സെപ്റ്റംബറില്‍ 2 മുതല്‍ 3 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എക്സ് ഷോറൂം വില 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. എന്നാൽ, എംയു-എക്സ് എസ്യുവിയുടെ വില വര്‍ധിപ്പിച്ചിരുന്നില്ല.






