
മാരുതി സുസുകി ഇന്ത്യയില്‍ അഞ്ച് ലക്ഷം സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹനങ്ങള്‍ ആണ് ഇതുവരെയായി വിറ്റതെന്ന് റിപ്പോർട്ട്. 2018 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്ത് വിറ്റ ആകെ സിഎന്‍ജി വാഹനങ്ങളില്‍ ഏകദേശം 15 ശതമാനത്തോളം മാരുതി സുസുകിയുടെ സിഎന്‍ജി വാഹനങ്ങളാണ്.
മാരുതി സുസുകിയുടെ ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേറിയോ, ഡിസയര്‍, ഈക്കോ, സൂപ്പര്‍ കാരി എന്നീ ഏഴ് മോഡലുകളാണ് സിഎന്‍ജി ഓപ്ഷനില്‍ ലഭിക്കുന്നത്. വാഗണ്‍ആര്‍ മോഡലാണ് ഇവയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതെന്നാണ് സൂചന. ഡെല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും മാരുതി സുസുകിയുടെ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്. മാത്രമല്ല, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡിഷ, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും വലിയ തോതില്‍ ഇത് വിറ്റുപോകുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ (2018 നവംബര്‍ വരെ) സിഎന്‍ജി വാഹന വില്‍പ്പന അമ്പത് ശതമാനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു. രാജ്യത്തെ 26 പുതിയ നഗരങ്ങളില്‍ക്കൂടി തങ്ങളുടെ സിഎന്‍ജി വാഹനങ്ങള്‍ ലഭിക്കുന്നതിന് മാരുതി സുസുകി നടപടി ആരംഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ 150 ലധികം നഗരങ്ങളില്‍ മാരുതി സുസുകിയുടെ സിഎന്‍ജി വാഹനങ്ങള്‍ ലഭ്യമാണ്.






