
ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങുന്ന എല്‍.കെ അദ്വാനിക്കെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പരിപാടിയില്‍ നിന്ന് അദ്വാനി വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി നിയമസഭയുടെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്വാനി ക്ഷണം സ്വീകരിച്ചത്. അരവിന്ദ് കെജ്രിവാള് രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇതെന്നും പരിപാടിയില്‍ അദ്വാനിയെ ഉപകരണമാക്കാനുള്ള ശ്രമമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
പരിപാടിയിലേക്ക് മുഖ്യാതിഥിയായാണ് എല്‍.കെ അദ്വാനിയെ ക്ഷണിച്ചിരിക്കുന്നത്. അദ്വാനി ക്ഷണം സ്വീകരിച്ചതായി ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.
അതേസമയം ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി അദ്വാനിയെ അനുകൂലിച്ച് രംഗത്ത് വന്നു. അദ്വാനി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അപാകതയില്ലെന്ന് തിവാരി അഭിപ്രായപ്പെട്ടു. 1993ലാണ് ഡല്‍ഹി നിയമസഭ നിലവില്‍ വന്നത്. ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷന്‍ എന്ന നിലയില്‍ ഡല്‍ഹി ഭരണത്തില്‍ പങ്കാളികളായവരുടെ കൂട്ടത്തിലാണ് അദ്വാനിയെ ക്ഷണിച്ചിരിക്കുന്നത്.






