
ഡിസംബര്‍ 14 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഖിനാവ പുതിയ ഐ-പ്രെയ്സ് ഇ-സ്കൂട്ടറിനുള്ള പ്രീ ബുക്കിങ് തുടങ്ങുമെന്ന് സൂചന. 5000 രൂപ പ്രീ ബുക്കിങ് തുക. ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് പ്രെയ്സിലുള്ളത്. ബാറ്ററി 2-3 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോർട്ട്.
ജനുവരിയോടെ ഐ പ്രെയ്സ് ഔദ്യോഗികമായി പുറത്തിറക്കും. ആദ്യഘട്ടത്തില്‍ ഐ പ്രയ്സിന്റെ ആദ്യ 500 യൂണിറ്റുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. ഒറ്റചാര്‍ജില്‍ 160-180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ-പ്രെയ്സിന് സാധിക്കും. ചാര്‍ജിങ് സമയവും പകുതിയായി കുറഞ്ഞിട്ടുണ്ട്.
സീറ്റിനടിയില്‍ 19.5 ലിറ്റര്‍ സ്റ്റോറേജ് സ്പേസും ലഭിക്കും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. 3.35 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1000 Watt BLDC ഇലക്ട്രിക് മോട്ടോറാണ് ഐ പ്രെയ്സിലും.എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, എന്നിവയാണ് ഐ പ്രെയ്സിന്റെ മറ്റു സവിശേഷതകൾ.






