
എൻട്രി ലവൽ ബൈക്കായ ‘പ്ലാറ്റിന 110’ ബജാജ് ഓട്ടോ ലിമിറ്റഡ് ആന്റി സ്കിഡ് ബ്രേക്ക് സംവിധാനത്തോടെ പുറത്തിറക്കി.ബൈക്കിനു ഡൽഹി ഷോറൂമിൽ വില 49,197 രൂപയാണു. ഏതു വേഗത്തിലും യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണു ബജാജ് ഓട്ടോ ഈ ‘പ്ലാറ്റിന’യിൽ ആന്റി സ്കിഡ് ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നത്.
ആന്റി സ്കിഡ് ബ്രേക്ക് സംവിധാനം ഉണ്ടെങ്കിൽ ബ്രേക്ക് പിടിക്കുന്ന ഘട്ടത്തിൽ അതിന്റെ ആഘാതം ഇരുചക്രങ്ങളിലും തുല്യമായി വീതിച്ചു നൽകാൻ കഴിയുമെന്നാണു ബജാജിന്റെ അവകാശവാദം. നൈട്രോക്സ് ഗ്യാസ് ചാർജ്ഡ് ഷോക് അബ്സോബറിനൊപ്പം സ്പ്രിങ് ഓൺ സ്പ്രിങ് സസ്പെൻഷും ബജാജ് ബൈക്കിൽ ലഭ്യമാക്കുന്നുണ്ട്. എല്ലാത്തരം നിരത്തിലും കൂടുതൽ യാത്രാസുഖം ഇത് ഉറപ്പാക്കും. പരിഷ്കരിച്ച അപ്ഹോൾസ്ട്രി സഹിതം നീളമേറിയ സീറ്റും ഈ ‘പ്ലാറ്റിന’യിലുണ്ട്. സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ട്യൂബ്ലെസ്സ് ടയറോടെയാണ് ‘പ്ലാറ്റിന 110’ എത്തുന്നത്. കൂടുതൽ ഭാരവാഹക ശേഷിയും ഈ ‘പ്ലാറ്റിന’യ്ക്കു ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ ‘പ്ലാറ്റിന 110’ മികച്ച യാത്രാസുഖവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു എത്തുന്നതെന്ന് ബജാജ് ഓട്ടോ മോട്ടോർ സൈക്കിൾ ബിസിനസ് പ്രസിഡന്റ് എറിക് വ്യാസ് അഭിപ്രായപ്പെട്ടു. മോട്ടോർ സൈക്കിൾ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവാരമില്ലാത്ത റോഡുകൾ സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്നുള്ള മോചനം പരമപ്രധാനമാണ്. 100 സി സി ഉപയോക്താക്കൾക്ക് പ്രീമിയം സാധ്യത ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ‘പ്ലാറ്റിന 110’ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






