
യു എസ് നിർമാതാക്കളായ ഫോഡിന്റെ ഹാച്ച്ബാക്കായ ഫിഗൊയുടെ പരിഷ്കരിച്ച പതിപ്പ് ഉടൻ വിപണിയിലേക്ക് എത്തുമെന്ന് സൂചന. പുതിയ ഫിഗൊയുടെ പരീക്ഷണ ഓട്ടവും ഫോഡ് തുടങ്ങി. പുതുക്കിയ മുൻ, പിൻ ബംപറുകൾ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ, നവീകരിച്ച ഹെഡ്ലൈറ്റ്, പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ എന്നിവ പുതിയ ഫിഗൊയിലുണ്ട്.
ഡ്രാഗൺ ശ്രേണിയിലെ 1.2 ലീറ്റർ പെട്രോൾ എൻജിൻ പരമാവധി 96 ബി എച്ച് പി കരുത്തും 120 എൻ എം ടോർക്കുംനൽകും. അതുപോലെ 1.5 ലീറ്റർ പെട്രോൾ എൻജിൻ, 123 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കും സൃഷ്ടിക്കും. 1.5 ലീറ്റർ ഡീസൽ എൻജിൻ, 100 ബി എച്ച് പി കരുത്തും 215 എൻ എം ടോർക്കും നൽകും. 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളിൽ മാനുവൽ ഗീയർബോക്സാണ്. എന്നാൽ, 1.5 ലീറ്റർ പെട്രോളിനൊപ്പമുണ്ടാവുക ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാവും.
സുരക്ഷക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹിൽ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയുണ്ടാവും. ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ ഫ്ളോട്ടിങ് ഡിസ്പ്ലേയാവും മോഡലിൽ. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, പുത്തൻ അപ്ഹോൾസ്ട്രി എന്നിവയുമുണ്ടാവും.






