
കോഴിക്കോട്: മുത്തലാഖ് വിവാദത്തില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിശദീകരണം നല്കി. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്ന് ലീഗ് നേതൃത്വം നേരത്തെ തുറന്നടിച്ചിരുന്നുവെങ്കിലും വിശദീകരണം തൃപ്തികരമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. അതേസമയം ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികരുതെന്ന് നിര്‍ദേശം നല്കിയ തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ബില്‍ ചര്‍ച്ചയ്ക്കിടയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കുകയും പരസ്യമായി തുറന്നടിക്കുകയും ചെയ്തിരുന്നു. ഇതോടെ ദേശീയ രാഷ്ട്രീയകാര്യ ചെയര്മാന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് വിശദീകരണം ആവശ്യപ്പെട്ടത്. ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കൂടാതെ ലീഗിനെ പിന്തുണയ്ക്കുന്ന സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലീഗിന്റെ രണ്ട് എംപിമാരില്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നപ്പോള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് നിഷേധ വോട്ടാണ് രേഖപ്പെടുത്തിയത്. നേതൃത്വത്തിന്റെ അറിവോടെ പാര്‍ട്ടി പത്രത്തിന്റെ ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണ് സഭയില്‍ എത്താതിരുന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എന്നാല്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സഭയില്‍ എത്താതിരുന്നതെന്ന് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള ആദ്യ ഘട്ടത്തിലെ മറിച്ചുള്ള വിശദീകരണവും വിമര്‍ശനത്തിനിടയാക്കി.






