
ശബരിമല : സുപ്രീംകോടതി വിധിയുടെ പിന്തുണയോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി. തന്ത്രിക്കെതിരെ രണ്ട് വനിത അഭിഭാഷകര്‍ നേരത്തെ തന്നെ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.
നടയടച്ച തന്ത്രിയുടെ നടപടി ഹര്‍ജിക്കാര്‍ നാളെ സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. തന്ത്രിയുടെ പ്രവര്‍ത്തി കോടതിയലക്ഷ്യമാണെന്ന നിലപാട് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചേക്കും. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ ബലത്തിലാണ് അമ്പത് വയസ്സിന് താഴെയുള്ള രണ്ട് യുവതികള്‍ ശബരി മലയില്‍ ദര്‍ശനം നടത്തിയത്.
സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനപരമായ ഉത്തരവാദിത്വം യുവതികള്‍ക്ക് സുരക്ഷയൊരുക്കിയ പൊലീസും നിറവേറ്റി. ഇതിന് പിന്നാലെ ശബരിമലയുടെ നടയടച്ച് ശുദ്ധികലശം നടത്തിയത്. യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വനിത അഭിഭാഷകരായ ഗീന കുമാരിയും എവി വര്‍ഷയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പുതിയ സാഹചര്യത്തില്‍ നടയടച്ച കാര്യം ഹര്‍ജിക്കാര്‍ നാളെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ ശ്രദ്ധയില്‍ പെടുത്തും. ശബരിമല വിധിക്കെതിരായ പുനപ്പരിശോധന ഹരജികളും മറ്റ് ഹര്‍ജികളും ഈ മാസം 22ന് കോടതി പരിഗണിക്കാനിരിക്കെയാണ്. ഇതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജികളും പരിഗണിക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പുതിയ സാഹചര്യത്തില്‍ തന്ത്രിക്കെതിരായ ഹരജി കോടതി നേരത്തെ പരിഗണിക്കുമോയെന്നാണ് അറിയാനുള്ളത്.






