
ഫേസ്ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോയുടെ ബുക്കിംഗ് തുടങ്ങിയെന്ന് റിപ്പോർട്ട്. 11,000 രൂപ മുതല്‍ 21,000 രൂപ വരെ നല്കി നെക്സ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. ഈ മാസം 27 ന് പുതിയ മാരുതി സുസുകി ബലേനോ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഫെബ്രുവരിയില്‍ കാര്‍ വിതരണം ചെയ്തു തുടങ്ങും.
മാരുതി സുസുകിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമാണ് ബലേനോ അടിസ്ഥാനമാക്കുന്നത്. ഫേസ്ലിഫ്റ്റ് ചെയ്ത ബലേനോയുടെ മുന്‍ ബംപറിന് പുതിയ രൂപകല്‍പ്പനയാണ് ലഭിച്ചിരിക്കുന്നത്. സ്പോര്‍ടി ശൈലിയുള്ള ബംപറിന് വലിയ എയര്‍ ഡാം നല്‍കിയിട്ടുണ്ട്. ഇരു വശങ്ങളിലും രണ്ട് ചെറിയ എയര്‍ ഇന്‍ടേക്കുകള്‍ കാണാം. പുതിയ അലോയ് വീല്‍ ഡിസൈന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാര്‍ക്ക് ഫിന് ആന്റിന, ക്രൂസ് കണ്ട്രോള് സിസ്റ്റം തുടങ്ങി ചില പുതിയ ഫീച്ചറുകള്‍ നല്‍കിയേക്കും.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍ തുടരുമെന്നാണ് റിപ്പോർട്ട്. ഡീസല്‍ മോട്ടോര്‍ 75 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പെട്രോള്‍ മോട്ടോര്‍ 84 പിഎസ് കരുത്തും 115 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവയാണ് രണ്ട് ട്രാന്സ്മിഷന് ഓപ്ഷനുകള്‍.






