
ഇറ്റാലിയൻ സൂപ്പർ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ‘ഹുറാകാൻ ഇവൊ' ഫെബ്രുവരി ഏഴിന് ഇന്ത്യയിലേക്ക് എത്തും. പുതിയ രൂപകൽപ്പനയും കൂടുതൽ കരുത്തും മികച്ച ഏറോഡൈനമിക്സുമൊക്കെയായിട്ടാണു ‘ഹുറാകാ’ന്റെ പരിഷ്കരിച്ച പതിപ്പായ ‘ഹുറാകാൻ ഇവൊ’ ഇന്ത്യയിൽ എത്തുന്നത്.
‘ഹുറാകാൻ ഇവൊ’യിൽ ഉയർന്നു നിൽക്കുന്ന ഇരട്ട എക്സോസ്റ്റ് പൈപ്പുമെത്തുന്നുണ്ട്. മുന്നിലും പിന്നിലും പുതിയ ബംപറും ഡിഫ്യൂസറും ഒരുങ്ങുന്നു. ഡൗൺഫോഴ്സും ഡ്രാഗുമായുള്ള സന്തുലനം മെച്ചപ്പെടുത്താൻ പുതിയ സംയോജിത ഡക്ക്ടെയിൽ സ്പോയ്ലറുമുണ്ട്. സൂപ്പർ സ്ലിപ്പറി അണ്ടർബോഡിയും പുത്തൻ ‘ഹുറാകാ’നിൽ ലഭ്യമാണ്.
നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം. ഒൻപതു സെക്കൻഡിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാനും കാറിനാവുമത്രെ. പരിഷ്കരിച്ച ‘ഹുറാകാൻ ഇവൊ’യ്ക്ക് കരുത്തേകുന്നത് രണ്ടു വർഷം മുമ്പ് 2017ൽ ഇന്ത്യയിൽ അവതരിപ്പിച്ച ‘ഹുറാകാൻ പെർഫോമന്റെ’യിലെ എൻജിനാണ്.
640 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കുന്നതാണ് കാറിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, വി 10 എൻജിൻ. മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി അധികമാണിത്. 600 എൻ എമ്മാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. മണിക്കൂറിൽ 323.50 കിലോമീറ്ററാണു ‘ഹുറാകാൻ ഇവൊ’യ്ക്കു ലംബോർഗ്നി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.






