
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും പ്രതിവാര സംവാദ പരിപാടിയ്ക്കിടെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അമൃതാനന്ദമയിയെ തെറ്റായ വഴിയില്‍ കൊണ്ടുപോകാനുള്ള ശ്രമം ആര്‍എസ്എസ് നേരത്തേയും നടത്തിയിരുന്നു. അന്ന് അതില്‍ നിന്ന് മാറി നില്ക്കാന് അവര്‍ ആര്‍ജവം കാണിച്ചു. എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമല കര്‍മ്മസമിതിയുമായി വേദി പങ്കിട്ടത് അവരെ ആരാധിക്കുന്നവര്‍ക്കു പോലും ഇഷ്ടമായില്ല. അതേസമയം അടുത്ത കാലം വരെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അമൃതാനന്ദമയി അനുകൂലിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ അയ്യപ്പന് ജീ ജയ് വിളിച്ചുകൊണ്ട്അമൃതാനന്ദമയി നടത്തിയ പ്രസംഗം പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു.






