
മലപ്പുറം: യുഡിഎഫില്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കാന്‍ അനുവദിക്കപ്പെട്ട രണ്ടു കുത്തക സീറ്റുകള്‍ക്ക് പുറമേ മൂന്നാം സീറ്റ് ലക്ഷ്യമിട്ട് മുസ്ളീംലീഗ്. രണ്ടു സീറ്റുകള്‍ക്ക് കേരളാകോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കെ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന മുസ്ളീംലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനം എടുക്കും.
മലപ്പുറത്തിനും പൊന്നാനിക്കും പുറമേ വയനാട്, കാസര്‍ഗോഡ്, വടകര സീറ്റുകളില്‍ ഒന്നു വേണമെന്നാണ് ലീഗിന്റെ ആവശ്യം. രാവിലെ പത്തുമണിക്ക് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് ചേരുന്ന ഉന്നതാധികാര സമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇന്നതെ യോഗത്തില്‍ എടുക്കുന്ന തീരുമാനം യുഡിഎഫ് യോഗത്തിലും ചര്‍ച്ച ചെയ്യും. മലപ്പുറത്തും പൊന്നാനിയിലും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.
ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നും 17 സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്നും പതിവ് പോലെ ഇത്തവണയും കോണ്‍ഗ്രസ് നിലപാട് എടുത്തിട്ടുണ്ട്. പിടിച്ചുവാങ്ങുന്നതും തട്ടിപ്പറിക്കുന്നതും യു.ഡി.എഫിന്റെ രീതിയല്ല. മുന്നണിയിലേക്കു മടങ്ങുമ്പോള്‍ കെ.എം. മാണി ഒരുപാധിയും മുന്നോട്ടുവച്ചിരുന്നില്ല. കീഴ്വഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ എന്ന് സീറ്റ് ആവശ്യപ്പെടാന്‍ എല്ലാ കക്ഷികള്‍ക്കും അവകാശമുണ്ടെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന് മാധ്യമങ്ങളോടു പറഞ്ഞു. ഈമാസംതന്നെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് യുഡിഎഫ് തീരുമാനം.
മുസ്ളീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങളെ കാണും. യു.ഡി.എഫിലെ ലോക്സഭാ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ 10 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍. അതുവരെ അവകാശവാദങ്ങള്‍ പരസ്യമാക്കരുതെന്നു ഘടകകക്ഷികളോടു നിര്‍ദേശിച്ചു. ഇന്നലെ മുന്നണി യോഗം ആരംഭിച്ചപ്പോള്‍തന്നെ ഉഭയകക്ഷി ചര്‍ച്ച പ്രഖ്യാപിച്ചതിനാല്‍ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരും ഉന്നയിച്ചില്ല.
കഴിഞ്ഞ തവണ 17 സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ നിലപാട് കുഴച്ചു മറിച്ചതും ഘടകകക്ഷികളായിരുന്നു. അന്നും ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട എന്നതായിരുന്നു ആദ്യമെടുത്ത നിലപാട്. എന്നാല്‍ ഓരോ സീറ്റുകള്‍ അധികം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ളീംലീഗും കേരളാകോണ്‍ഗ്രസ് എമ്മും കരുനീക്കം നടത്തുകയും ചെയ്തു. കഴിഞ്ഞ തവണ യുഡിഎഫിന് തലവേദന ഉണ്ടാക്കിയ മറ്റൊരു പാര്‍ട്ടി ഇടതുപക്ഷത്തോട് കലഹിച്ച് യുഡിഎഫില്‍ എത്തിയ സോഷ്യലിസ്റ്റ് ജനത ആയിരുന്നു.
കോഴിക്കോട് സീറ്റിന്റെ പേരില്‍ കലഹിച്ച് ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ എത്തിയ സോഷ്യലിസ്റ്റ് ജനത വയനാടോ വടകരയോ വേണമെന്ന് കടുത്ത നിലപാടിലായിരുന്നു. ഒടുവില്‍ കിട്ടിയതാകട്ടെ പാലക്കാടും. വന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇത്തവണ സോഷ്യലിസ്റ്റ് ജനത എല്‍ഡിഎഫിലേക്ക് തിരിച്ചു പോയെങ്കിലും മൂന്ന് സീറ്റെന്ന ലീഗിന്റെയും രണ്ടു സീറ്റെന്ന കേരളാകോണ്‍ഗ്രസിന്റെയും അവകാശവാദമാകും ഇത്തവണ യുഡിഎഫില്‍ പൊരിയുക.






