
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തിന് കീഴടങ്ങേണ്ടി വരുന്നു എന്നതാണ് ഇക്കാലമത്രയും സിപിഐ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം. കൊടുക്കുന്ന സീറ്റുകള്‍ ഫലപ്രദമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നു എന്ന ആരോപണം നേരിടുന്ന സിപിഐ ഇത്തവണ ആ പതിവ് തെറ്റിക്കാന്‍ തേടുന്നത് ഇടതു അനുഭാവികളായ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ. പരിഗണിക്കുന്നവരില്‍ സംവിധായകന് വിനയനും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വരെ.
ഇക്കാര്യത്തില്‍ ഇരുവരേയും സമീപിച്ചെങ്കിലും ഭാഗ്യലക്ഷ്മിയുടെ മറുപടി കിട്ടിയിട്ടില്ല എന്നാണ് അറിവ്. തിരുവനന്തപുരത്ത് ശശി തരൂരിന് തടയിടാന്‍ സിപിഐ യുടെ ദേശീയ നേതാവ് ഡി രാജയുടെ ഭാര്യ ആനിരാജയെ ഇറക്കിയേക്കുമെന്നും കേള്‍ക്കുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ആനിരാജ സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. സിപിഐ യുടെ ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യാ നേതാവ് കൂടിയാണ്. ഇതിനൊപ്പമാണ് അടുത്തിടെ സിപിഐ യുമായി അടുത്തിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ പേരും ചര്‍ച്ചയാകുന്നത്. പാര്‍ട്ടി പരിപാടികളില്‍ സജീവമായി രംഗത്തുള്ള ഭാഗ്യലക്ഷ്മി മികച്ച സ്ത്രീപക്ഷ വാദി എന്ന നിലയിലും കേരളത്തില്‍ അറിയപ്പെടുന്ന മുഖമാണ്.
നേരത്തേ തന്നെ സിപിഐ ക്കാരന്റെ മനോഭാവം പ്രകടിപ്പിച്ചിട്ടുള്ള വിനയനൊപ്പം സാമുദായിക നേതാവ് പുന്നല ശ്രീകുമാര്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പിപി സുനീര്‍ എന്നിവരൊക്കെയാണ് സിപിഐ യുടെ മനസ്സില്‍. തിരുവനന്തപുരം, വയനാട്, മാവേലിക്കര, തൃശൂര്‍ എന്നിവയാണ് സിപിഐ യ്ക്കായി മാറ്റിയിട്ടിരിക്കുന്ന സീറ്റുകള്‍. ഇതില്‍ കെപി ധനപാലനെതിരേ സിഎന്‍ ജയദേവന് മത്സരിച്ച തൃശൂരില്‍ മാത്രമാണ് കഴിഞ്ഞ തവണ വിജയം നേടാനായത്. മറ്റു മൂന്ന് സീറ്റുകളില്‍ പരാജയമറിഞ്ഞു.
കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയെന്ന് ആരോപണം ഉയര്‍ന്നു കേട്ട തിരുവനന്തപുരം ഇപ്പോള്‍ സിപിഐ യുടെ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്. 2014 ല്‍ സാമുദായിക പ്രീണനം വോട്ടാക്കാമെന്ന പ്രതീക്ഷയില്‍ ബെന്നറ്റ് ഏബ്രഹാമിനെ ഇറക്കിയപ്പോള്‍ പാര്‍ട്ടിക്ക് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് വീഴേണ്ടി വന്നിരുന്നു. 2009 ല്‍ ശശിതരൂര്‍ ആദ്യം മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന് നായരെ പരാജയപ്പെടുത്തിയത്. 99,998 ആയിരുന്നു ഭൂരിപക്ഷം. 326,725 വോട്ടുകള്‍ ശശിതരൂര്‍ മൊത്തം നേടിയപ്പോള്‍ 226,727 വോട്ടുകള്‍ നേടാന്‍ രാമചന്ദ്രന് നായകര്‍ക്ക് കഴിഞ്ഞിരുന്നു. ബിജെപിയ്ക്കായി ഇറങ്ങിയ കൃഷ്ണദാസിന് കിട്ടിയത് 84,094 വോട്ടുകളാണ്. നാലാം സ്ഥാനത്തായി പോകുകയും ചെയ്തിരുന്നു.
2014 ല്‍ ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐ നീക്കം അമ്പേ പാളുകയായിരുന്നു. മത്സരിക്കാന്‍ ഒ രാജഗോപാല്‍ കൂടി എത്തിയതോടെ കഥ മൊത്തത്തില്‍ മാറി. ശശിതരൂര്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങിയപ്പോള്‍ സിപിഐ പതിച്ചത് മൂന്നാം സ്ഥാനത്ത്. ബിജെപി വോട്ടില്‍ വന്‍ മുന്നേറ്റം ഉണ്ടായപ്പോള്‍ ശശിതരൂരിന് കിട്ടിയത് 2,97,806 വോട്ടുകളായിരുന്നു. രാജഗോപാല്‍ 2,82,336 വോട്ടുകള്‍ നേടി. ബെന്നറ്റിന് കിട്ടിയതാകട്ടെ 2,48,941 വോട്ടുകളും.
ഈ സാഹചര്യമാണ് തിരുവനന്തപുരത്തെ ഗൗരവമായി പരിഗണിക്കാന്‍ സിപിഐ നിര്‍ബ്ബന്ധിതമായിരിക്കുന്നത്. ആനിരാജയോ ഭാഗ്യലക്ഷ്മിയോ വന്നാല്‍ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ പുന്നലയെ സിപിഐ പരിഗണിക്കുന്നത് സിപിഎമ്മിനും താല്‍പ്പര്യമുള്ള കാര്യമാണ്. നേരത്തേ പത്തനാപുരം മണ്ഡലം കമ്മറ്റി അംഗമായിരുന്ന പുന്നലയ്ക്ക സിപിഐ യുമായി മുന്‍കാല പരിചയവും ഉള്ളത് തുണയായി മാറും. കൊടിക്കുന്നിലിനെതിരേ ഇറക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായ മത്സരിച്ചാല്‍ പുന്നല മാറും.
വയനാട്ടില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീറിനെയാണ് പരിഗണിക്കുന്നത്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീറിന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക. മുസ്ളീംലീഗിന് കനത്ത സ്വാധീനമുള്ള മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് വയനാട് മണ്ഡലത്തില്‍ ആണെന്നതാണ് കാരണം. യുഡിഎഫ് നേതാക്കളായ പി സി ചാക്കോടയുടെയും കെ പി ധനപാലന്റെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍ മാറിമറിഞ്ഞതിലൂടെ വിവാദം സൃഷ്ടിക്കപ്പെട്ട തൃശൂരില്‍ കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച സി എന്‍ ജയദേവനെ ഇത്തവണ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. പകരം കെ.പി. രാജേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഷുവര്‍ സീറ്റായി പരിഗണിക്കുന്ന മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്.






