തിരുവനന്തപുരം: മൂന്നാറിലെ വിവാദങ്ങളില്‍ സബ് കലക്ടറെ പിന്തുണച്ച് കലക്ടറുടെ റിപ്പോര്‍ട്ട്. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് മൂന്നാര്‍ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം നിര്‍മ്മിക്കുന്നത് നിയമം ലംഘിച്ചാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. റവന്യൂ വകുപ്പിന്റെ അനുമതി കൂടാതെയുള്ള നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കലക്ടറെ എസ്. രാജേന്ദ്രന് എം.എല്‍.എ അധിക്ഷേപിച്ചുവെന്നത് വിവാദമായിരുന്നു.
സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു. മുതിരപ്പുഴയാറിന് രണ്ട് വശത്തേക്കും 50 യാഡ് വിട്ടുമാത്രമേ നിര്‍മ്മാണം അനുവദിക്കാവൂ. മുതിരപ്പുഴയാറിന് ആറ് മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്തും ഇവിടെ വെള്ളം കയറിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 50 യാഡ് ദൂരപരിധി പാലിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ അത് വിധി കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുമെന്നും റവന്യൂ സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ വ്യക്തമാക്കി.
മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്നത് വരെ നിര്‍മ്മാണം നടത്തരുതെന്ന് സബ് കലക്ടര്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ അന്നേ ദിവസം ഉച്ചയ്ക്ക് ദേവികുളും എം.എല്‍.എ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ എത്തി നിരോധന ഉത്തരവ് നല്കിയ നടപടി ശരിയല്ലെന്ന് അറിയിച്ചു. എന്നാല്‍ നിയമപരമായി അനുവദിക്കാനാകില്ലെന്ന് സബ്കലക്ര് അറിയിച്ചുവെങ്കിലും നിര്‍മ്മാണം തുടര്‍ന്നു. സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു.
തുടര്‍ന്ന് പണി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് സബ് കലക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇടപെടലില്‍ പണി നിര്‍ത്തി. എന്നാല്‍ പിന്നീട് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് സ്ഥലത്ത് എത്തി പണി തുടരാന്‍ നിര്‍ദ്ദേശിച്ചു. ഇതേച്ചൊല്ലിയാണ് കലക്ടറും എം.എല്‍.എയും തമ്മില്‍ പിന്നീട് വാക്കേറ്റമുണ്ടായത്.





