
ഇടുക്കി: അടിമാലി ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ വീണ്ടും അഴിഞ്ഞാട്ടം നടത്തി പോലീസ് കണ്ണില്‍ കുരുമുളക് പ്രയോഗം നടത്തിയ യുവാവ്. തന്നെ വൈറല്‍ ആക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. വ്യാഴാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡിലെത്തിയ യുവാവ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയിരുന്നു. ട്രാഫിക് പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവ് ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും അസഭ്യവാക്കുകൾ ഉപയോഗിച്ച് ബഹളം വെക്കുകയുമായിരുന്നു. പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇയാളുടെ ശല്യം കാരണം യാത്രക്കാർ ഏറെക്കാലമായി ബുദ്ധിമുട്ടിലായിരുന്നു.
പോലീസ് വാഹനത്തിന് അടുത്തേക്ക് എത്തിയ യുവാവ് എസ്.ഐയെ അധിക്ഷേപിക്കുന്നത് തുടർന്നതോടെയാണ് സാഹചര്യം വഷളായത്. മുന്നറിയിപ്പുകൾ അവഗണിച്ചതോടെ, വാഹനത്തിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ നിയന്ത്രിക്കുകയായിരുന്നു. പെപ്പർ സ്പ്രേ ഏറ്റതിനെത്തുടർന്ന് മുഖം പൊത്തി സമീപത്തെ കടത്തിണ്ണയിൽ ഇരുന്ന യുവാവ് അരമണിക്കൂറിന് ശേഷമാണ് അവിടെനിന്ന് മാറിപ്പോയത്.
തുടർന്ന്, ഇന്നലെ വൈകിട്ടും ഇയാൾ വീണ്ടും ബസ് സ്റ്റാൻഡിലെത്തി അഴിഞ്ഞാട്ടം ആവർത്തിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ അവിടെയുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും അസഭ്യവർഷം നടത്തി. "ആരും എന്നെ വൈറലാക്കാൻ നോക്കേണ്ട" എന്ന് ആക്രോശിച്ചുകൊണ്ട് പ്രകോപനപരമായ പെരുമാറ്റമാണ് ഇയാൾ നടത്തിയത്. ഏറെ നേരത്തിന് ശേഷമാണ് ഇയാൾ സംഭവസ്ഥലത്ത് നിന്നും മാറിയത്.
സ്ഥിരമായി ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്ന ശീലം ഇയാൾക്കുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പരാതി ലഭിച്ചാലുടൻ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് പൊലീസ്






