
ബജാജ് ഡൊമിനിറിന്റെ പുതുതലമുറ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. അരങ്ങേറ്റത്തിനൊരുങ്ങുന്നതിനു മുന്നോടിയായാണ് 5,000 രൂപ അഡ്വാന്‍സ് ഈടാക്കി ഡീലര്‍മാര്‍ '2019 ഡൊമിനറി'നുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. വരുംആഴ്ചകളില്‍ '2019 ഡൊമിനര്‍' ഷോറൂമുകളില്‍ എത്തുമെന്നാണു കരുതുന്നത്. നിലവില്‍ 1.63 ലക്ഷം രൂപയാണു ബൈക്കിനു ഡല്‍ഹി ഷോറൂമില്‍ വില. പുതുമകളുടെയും പരിഷ്കാരങ്ങളുടെയും ഫലമായി '2019 ഡൊമിനറി'ന്റെ വിലയില്‍ നേരിയ വര്‍ധനയും പ്രതീക്ഷിക്കാം.
ഇന്ത്യയില്‍ വില്‍ക്കുന്ന കെ ടി എം ബൈക്കുകളോടു സാമ്യമുള്ള അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കാണു പുതിയ ഡൊമിനറില്‍ ബജാജ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്ക് സംവിധാനവും കെ ടി എമ്മില്‍ നിന്നു കടമെടുത്തതാണെന്നാണു സൂചന. നിലവിലുള്ള 'ഡൊമിനറി'ലെ 373 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനു പരമാവധി 34.5 ബി എച്ച് പിയോളം കരുത്തും 35 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.
എന്നാല്‍ പുതുതലമുറ 'ഡൊമിനറി'ല്‍ ബജാജ് 'കെ ടി എം 390 ഡ്യൂക്കി'ലെ ഡി ഒ എച്ച് സി എന്ജിനിലേക്കുമാറുമെന്നാണു പ്രതീക്ഷ. ഇതോടെ എന്‍ജിന്റെ പ്രകടനക്ഷമതയില്‍ നേരിയ വര്‍ധനയ്ക്കു സാധ്യതയുണ്ട്. ഇതോടൊപ്പം എക്സോസ്റ്റിലെ പരിഷ്കാരം കൂടിയാവുന്നതോടെ മലിനീകരണ നിയന്ത്രണത്തിലെ പുത്തന്‍ നിലവാരം കൈവരിക്കാന്‍ 'ഡൊമിനറി'നു സാധിക്കുമെന്നും ബജാജ് ഓട്ടോ കണക്കുകൂട്ടുന്നു.
ടാങ്ക് പാനല്‍ രൂപകല്‍പ്പന പരിഷ്കരിച്ചതും എക്സോസ്റ്റ് സംവിധാനം നവീകരിച്ചതുമൊക്കെയാണു ബൈക്കിലെ മറ്റു പുതുമകള്‍. ഇതിനു പുറമെ 'ഡൊമിനറി'ന്റെ ഇന്‍സ്ട്രമെന്റേഷന്‍ സംവിധാനത്തിലും മാറ്റമുണ്ട്. ഗീയര്‍ പൊസിഷന്‍, ഓഡോമീറ്റര്‍, സമയം തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സെക്കന്‍ഡറി യൂണിറ്റാണു പരീക്ഷണ ഓട്ടസമയത്തു പുതിയ ഡൊമിനറിലുണ്ടായിരുന്നത്. ഇന്ധനത്തിന്റെ അളവ് പോലുള്ള കാര്യങ്ങള്‍ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ച പ്രൈമറി ഡിസ്പ്ലേയിലേക്കു മാറ്റി.






