
പിയാജിയോയുടെ 2019 മോഡല്‍ വെസ്പ ജിടിഎസ് 300 സ്കൂട്ടർ യൂറോപ്പില്‍ അവതരിപ്പിച്ചു. ജിടിഎസ് 300 നെ 2018 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തിരുന്നു. വെസ്പ ജിടിഎസ് 300 സ്കൂട്ടറില്‍ ഇപ്പോള്‍ ഹൈ-പെര്‍ഫോമന്‍സ് എന്ജിന് (എച്ച്പിഇ) നല്കിയിരിക്കുന്നു.
278 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് ആണ് പുതിയ വെസ്പ ജിടിഎസ് 300 സ്കൂട്ടറിൽ ഒരുങ്ങുന്നത്. 23.8 ബിഎച്ച്പി കരുത്തും 26 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കും.
ഈ കണക്കുകളാണ് എക്കാലത്തെയും ഏറ്റവും കരുത്തുറ്റ വെസ്പയായി 2019 ജിടിഎസ് 300 സ്കൂട്ടറിനെ മാറ്റുന്നത്. വെസ്പ ജിടിഎസ് 300 സ്കൂട്ടറിന്റെ പെര്‍ഫോമന്‍സ് മാത്രമല്ല, ഇന്ധനക്ഷമതയും വര്‍ധിച്ചതായി പിയാജിയോ അവകാശപ്പെട്ടു. ട്രാക്ഷന്‍ കണ്ട്രോള് സ്റ്റാന്‍ഡേഡായി നല്കിയിരിക്കുന്നു.
ഇന്‍സ്ട്രുമെന്റ് പാനല്‍ പകുതി ഡിജിറ്റലും പകുതി അനലോഗുമാണ്. സ്കൂട്ടറിന്റെ വേഗത സാധാരണ സൂചി പറഞ്ഞുതരുമെങ്കില് ദൂരവും ഇന്ധനക്ഷമതാ കണക്കുകളും ചെറിയ ടിഎഫ്ടി സ്ക്രീനില്‍ തെളിയും. രണ്ട് ഓപ്പണ്‍ ഫേസ് ഹെല്‍മറ്റുകള്‍ സൂക്ഷിക്കാന്‍ പാകത്തില്‍ വലുപ്പമുള്ളതാണ് സീറ്റിനടിയിലെ സ്റ്റോറേജ്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് സവിശേഷതയാണ്.
ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാകും. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, പുതിയ സീറ്റ് ഡിസൈന്‍ എന്നിവ പരിഷ്കാരങ്ങളാണ്. വലിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വന്തം വെസ്പ ജിടിഎസ് 300 കണ്ടെത്തുന്നതിന് ബൈക്ക് ഫൈന്‍ഡര്‍ ആപ്പ് സഹായിക്കും.






