
2019 എന്‍ഡവര്‍ വിപണിയില്‍ പുറത്തിറങ്ങി. എന്‍ഡവറിന് പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഫോര്‍ഡ് വിപണിയിൽ എത്തിച്ചത്. 28.19 ലക്ഷം രൂപയാണ് എസ്യുവിയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന എന്‍ഡവര്‍ വകഭേദം 32.97 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളിലെത്തും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളുമായാണ് വിപണിയില്‍ ഫോര്‍ഡ് എന്‍ഡവറിന്റെ മത്സരം.
രൂപകൽപ്പനയിൽ ചെറിയ പരിഷ്കാരങ്ങളുമായാണ് പുതിയ എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ് കടന്നുവരുന്നത്. മുന്‍ ബമ്പര്‍ ഘടന മാറി. ഇത്തവണ ക്രോം ആവരണമുള്ള ട്രാപ്പസോയിഡല് ഗ്രില്ല് എസ്യുവിക്ക് ലഭിക്കും. ഹാന്‍ഡ്സ്ഫ്രീ ടെയില്‍ഗേറ്റ് ഫംങ്ഷനും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനവും ഒരുങ്ങുന്നു.
റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് HID ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്സലേഷന് തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്യുവി പതിപ്പിലും ഉണ്ടാകും. 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.
ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ മാത്രമെ 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിലുള്ളൂ. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ എസ്യുവിയില് തിരഞ്ഞെടുക്കാം. പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ളത് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ആണ്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് തുടിക്കുന്നത്.
ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ അസെന്റ് & ഡിസെന്റ് കണ്ട്രോള്, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുങ്ങുന്നു.






