
ബാര്‍സലോണ : ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയും 5ജി സാങ്കേതികവിദ്യയിലേക്ക് ചുവടു വെച്ചു. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഷാവോമി പുതിയ -എംഐ മിക്സ് ത്രീ 5ജി- സ്മാര്‍ട്ഫോണ്‍ പ്രഖ്യാപിച്ചത്. 599 യൂറോ (48,258 രൂപ) ആയിരിക്കും ഇതിന്റെ അടിസ്ഥാനവില.
ശനിയാഴ്ച ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയും തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ പ്രഖ്യാപിച്ചിരുന്നു. സാംസങ് ആണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആദ്യമായി 5ജി സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനിയായ വാവേയും ഞായറാഴ്ച 5ജി സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കും.
യൂറോപ്യന്‍ ടെലികോം ഓപ്പറേറ്റര്‍ ഓറഞ്ചുമായി സഹകരിച്ച് എംഐ മിക്സ് 3 ഫോണ്‍ ഉപയോഗിച്ച് 5ജി വീഡിയോ കോള്‍ എങ്ങനെയായിരിക്കുമെന്നും ഷാവോമി വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
മാഗ്നറ്റിക് സ്ലൈഡര്‍, സെറാമിക് ബോഡി, 12 മെഗാപിക്സല്‍ ലെന്‍സുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 24 എംപി, രണ്ട് എംപി ലെന്‍സുകളടങ്ങുന്ന സെല്‍ഫി ക്യാമറ, 3800 എംഎഎച്ച് ബാറ്ററി എന്നിവ പുതിയ 5ജി ഫോണിലും ഉണ്ടാവും.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍, എഎക്സ്50 5ജി മോഡം എന്നിവയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഷാവോമി പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ ഡോണോവന്‍ സങ് പറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.






