
വയനാട്: ടി.സിദ്ധിക്കിനെ വയനാട് മണ്ഡലത്തിൽ മത്സരിപ്പിക്കിക്കാന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ സിദ്ധിക്കിനെ മത്സരിപ്പിക്കാൻ ആവില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിൽക്കുന്നതിനൊപ്പം ഷാനിമോൾ ഉസ്മാൻ, ടി ആസിഫലി എന്നിവരുടെ പേരുകൾ സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഏപ്രിൽ 23ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യൂ.ഡി.എഫിൽ പിടിവലികൾ മുറുകിയിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ വയനാട്ടിൽ എം ഐ ഷാനവാസിന് ഒരു പകരക്കാരനെ കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. തുടക്കം മുതൽ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ധിക്കിനെ വയനാട്ടിൽ മത്സരിപ്പിക്കാൻ ആവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. !
അതേസമയം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ടി സിദ്ധിക്കിനെ ശക്തമായി പിന്തുണക്കുന്നുമുണ്ട്. ഷാനിമോൾ ഉസ്മാന് പ്രഥമ പരിഗണന കൊടുക്കുന്നതിനൊപ്പം വയനാട് മണ്ഡലത്തിൽ ടി ആസിഫലിയുടെ പേരുകൂടി സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ വയനാട്ടിൽ സിദ്ധിക്കിനെ പരിഗണിച്ചില്ലെങ്കിൽ വടകരയിൽ സ്ഥാനാർഥിയാക്കും എന്ന നിലപാടിലാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
അതേസമയം 2014ല്‍ കാസർഗോഡ് മണ്ഡലത്തിൽ നിലവിലെ സിറ്റിംഗ് എം പിയായ പി.കരുണാകരന് ഭൂരിപക്ഷം വലിയ തോതിൽ കുറയാനുണ്ടായ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്ത് ടി.സിദ്ധിക്കിനെ സ്ഥാനാർത്ഥിയായി പരിഗണിക്കാനുള്ള സാധ്യതകൾ ഏറെയാണ്.






