ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖില്‍ ഗൗഡ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് നീട്ടിവച്ചു. തിങ്കളാഴ്ചത്തേക്കാണ് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടിവച്ചത്. ഇന്ന് ശുഭദിനമല്ലെന്ന് കണ്ട് പത്രികാ സമര്‍പ്പണം മാറ്റിയെന്നാണ് പാര്‍ട്ടി പുറമേക്ക് പറയുന്നത്. ദേവഗൗഡ കുടുംബത്തിന്റെ ആരാധനാ മൂര്‍ത്തി കൂടിയായ പരമശിവന്റെ ദിനം കൂടിയാണ് തിങ്കളാഴ്ച.
അതേസമയം സമയം പത്രികാ സമര്‍പ്പണം നീട്ടിയതിന് പിന്നില്‍ മറ്റ് കാരണങ്ങളുമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. മാണ്ഡ്യയില്‍ നിഖില്‍ ഗൗഡയുടെ എതിര് സ്ഥാനാര്‍ത്ഥിയും നടിയുമായ സുമലത കഴിഞ്ഞ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. ശക്തി പ്രകടനമായി മാറിയ വന്‍ റോഡ് ഷോയുടെ അകമ്പടിയോടെയാണ് സുമലത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സുമലതയുടെ ശക്തിപ്രകടനം കണ്ടതോടെയാണ് ജെ.ഡി.എസ് തീരുമാനം മാറ്റിയത്.
മാണ്ഡ്യ കണ്ടിട്ടില്ലാത്ത വിധമുള്ള ശക്തിപ്രകടനം നടത്തുമെന്ന് ജെ.ഡി.എസ് നേതാക്കള്‍ വ്യക്തമാക്കി. കൊച്ചുമകന്റെ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ദേവഗൗഡ ഇന്ന് മാണ്ഡ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ മുന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
ഭര്‍ത്താവ് അംബരീഷിന്റെ സീറ്റായിരുന്ന മാണ്ഡ്യയില്‍ നിന്ന് ലോക്സഭാ ടിക്കറ്റ് നിരസിച്ചതോടെയാണ് സുമലത സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. അംബരീഷിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിദ്ധരാമയ്യയായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥി. സ്ഥനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സിദ്ധരാമയ്യ പ്രചരണം തുടങ്ങിക്കഴിഞ്ഞു.






