കോട്ടയം: കെ. മുരളീധരന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജാതി പറഞ്ഞ് പുലിവാല് പിടിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പേരാമ്പ്രയിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ കുറെ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ബോംബ് ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ പോലെ തോന്നുന്നുവെന്നും അവരില്‍ കൂടുതലൂം താഴ്ന്ന ജാതിക്കാരാണെന്നുമായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് അന്നമ്മ ജേക്കബ് കുന്നുമ്മേലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ അന്നമ്മ ജാതി പരാമര്‍ശം എഡിറ്റ് ചെയ്തു മാറ്റി. എന്നാല്‍ ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ താഴ്ന്ന ജാതി എന്ന് പറഞ്ഞത് ജാതി പറയുന്നതായി കണക്കാക്കരുതെന്ന വിചിത്രവാദമാണ് വിമര്‍ശനം ഉന്നയിച്ചവരോട് മഹിളാ കോണ്‍ഗ്രസ് നേതാവ് പറയുന്നത്.
പേരാമ്പ്ര ഭാഗത്ത് പുലയ സമുദായത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരുണ്ടെന്നും അവരെയാണ് ഉദ്ദേശിച്ചതെന്നും അവര്‍ കമന്റില്‍ വിശദീകരിച്ചു. പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് ജാതി പരാമര്‍ശം മാറ്റുകയായിരുന്നു.






