
തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ അപകടം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കരാറുകാർ നിർദേശം പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ദുരന്തനിവാരണ സമിതി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വയനാട്ടിലേക്ക് മന്ത്രിമാർ എത്തണമെന്നും അദ്ദേഹം നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ചയും നടത്തി.
വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വയനാട്-കള്ളാടി തുരങ്കപാതയുടെ നിർമാണം നടക്കുന്ന മേഖലയിലെ കുന്നിടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് സംശയം. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.






