
കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടെ പുതിയ റെനോ കാപ്ചര്‍ വിപണിയിൽ. പരിഷ്കരിച്ച കാപ്ചറിന്റെ ഡെല്‍ഹി എക്സ് ഷോറൂം വില 9.50 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോംപാക്റ്റ് എസ്യുവി ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് റീഇന്‍ഫോഴ്സ് ചെയ്ത ബോഡിയാണ് പുതിയ മോഡൽ ഉപയോഗിക്കുന്നത്. ഡ്രൈവര്‍ - കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവയാണ് ഇപ്പോള്‍ എല്ലാ വേരിയന്റുകളിലും നല്‍കിയിരിക്കുന്നത്.
നേരേ മുന്നില്‍നിന്നുള്ള ഇടിയും വശങ്ങളില്‍നിന്നുള്ള ഇടിയും പ്രതിരോധിക്കാന്‍ കഴിയുന്നതാണ് കാപ്ചര്‍ എസ്യുവി എന്ന് റെനോ ഇന്ത്യ അറിയിച്ചു. കാല്‍നട യാത്രക്കാരനും സുരക്ഷ ഉറപ്പുവരുത്തും. ഈ വര്‍ഷം ഒക്റ്റോബര്‍ മുതല്‍ എല്ലാ വാഹനങ്ങളിലും ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്.
104 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 1.5 ലിറ്റര്‍, സിആര്‍ഡിഐ എന്ജിന് 108 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡാണ് മാന്വല്‍ ട്രാന്സ്മിഷന്.എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ തുടങ്ങിയവയാണ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍.
2019 മോഡല്‍ റെനോ കാപ്ചര്‍ പുറത്തിറക്കിയതോടെ ആര്എക്സ്എല്, ആര്എക്സ്ടി വേരിയന്റുകള്‍ റെനോ ഇന്ത്യ അവസാനിപ്പിച്ചു. ആര്‍എക്സ്ഇ, പ്ലാറ്റിന് എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ ഇനി എസ്യുവി ലഭിക്കൂ. പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങള്‍ ലഭ്യമാണ്.






