
അമിതഭാരമുള്ളവരെ അലട്ടുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പലതാണെങ്കിലും, ഗൗരവമായി ബാധിക്കാനിടയുള്ളത് ഓര്മ്മശക്തിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്്.
അമിതഭാരം ഓര്‍മ്മശക്തിയെ ബാധിക്കുന്നതോടൊപ്പം, മുഴുവനായുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെയും ദോഷം ചെയ്യും. അമിതഭാരമുള്ളവരില്‍ ഉത്സാഹക്കുറവ് സര്‍വ്വ സാധാരണമാണെങ്കിലും, മാനസികവും ശാരീരികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇത് കാരണമാകും.
അമിതഭാരമുള്ള വ്യക്തികളുടെയും സാധാരണ ഭാരമുള്ളവരുടെയും മസ്തിഷ്കത്തിന്റെ ഘടനയില്‍ പോലും വ്യത്യാസങ്ങള്‍ പ്രകടമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതായത് സാധാരണ ശരീരഭാരമുള്ളവരേക്കാള്‍, അമിതഭാരമുള്ളവര്‍ക്ക് മസ്തിഷ്ക കോശങ്ങളുടെ പ്രവര്‍ത്തനം കുറവായിരിക്കും. ഏകദേശം എട്ട് ശതമാനത്തോളം കുറവ് സംഭവിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ കുറച്ച് ശതമാനമാണെങ്കില്‍ പോലും അനിയന്ത്രിതമായ ശരീരഭാരം തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.
ബാധിക്കുന്നതെങ്ങനെ
അമിതഭാരമുള്ളവരെ സംബന്ധിച്ച് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഇടവിട്ടുള്ള രോഗത്തോടൊപ്പം ബുദ്ധിപരമായ കഴിവുകളെയും അമിതഭാരം ബാധിക്കുന്നു.
ഹൈപ്പോ തൈറോയിഡിസം, സ്റ്റീറോയിഡിന്റെ ആധിക്യം, എന്നിവയും അമിതഭാരത്തിന് കാരണമാകാം. അമിതഭാരമുള്ളവരില്‍ കാണപ്പെടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്ലീപ് അപ്നിയ. ഇതുമൂലം ഉറക്കം നഷ്ടപ്പെടുകയും, ഉറക്കത്തില്‍ ശ്വാസതടസം അനുഭവപ്പെടുന്നതിനും ഇടയാകും. ഈ അവസ്ഥ തുടരുന്നത് ഭാവിയില്‍ ഓര്‍മ്മശക്തിയെ അലട്ടുന്ന പ്രശ്നങ്ങളുണ്ടാകാം. കൂടാതെ ഹൃദ്രോഗങ്ങള്‍ക്കും ശ്വാസകോശരോഗങ്ങള്‍ക്കും വരെ കാരണമാകും.
അമിത രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ അധികകാലം നിലനില്‍ക്കുന്നവരില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ ദോഷമായി ബാധിക്കാനിടയുണ്ട്. അമിതഭാരം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ ഉണ്ടായി ചെറിയ പ്രായത്തില്‍ തന്നെ ഓര്‍മ്മക്കുറവ് ഉണ്ടാകുന്ന അവസ്ഥയും വിരളമല്ല.
ഓര്‍മ്മക്കുറവ് ഏത് പ്രായക്കാര്‍ക്കും
മാനസിക സമ്മര്ദങ്ങളാണ്് ഓര്‍മ്മശക്തിയെ ബാധിക്കുന്ന മറ്റൊരു ഘടകം. മാനസികവും ശാരീരികവുമായ ആരോഗ്യം എല്ലാ പ്രായക്കാര്‍ക്കും അനിവാര്യമാണ്. പ്രായവ്യത്യാസമില്ലാതെ ഏത് പ്രായക്കാര്‍ക്കും അമിതഭാരം മൂലമുള്ള ഒര്‍മ്മക്കുറവ് ഉണ്ടാകാം. കുട്ടികളെ സംബന്ധിച്ച് വ്യായാമക്കുറവാണ് അവരില്‍ അിതഭാരമുണ്ടാക്കുന്നത്.
ഇത് കുട്ടികളുടെ പഠന മികവിനെപ്പോലും ബാധിക്കാനിടയുണ്ട്. മധ്യവയസ്കരിലാണ്് അമിതഭാരം മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതലും കണ്ടുവരുന്നത്. മുതിര്‍ന്നവരില്‍ ഹൈപ്പോ തൈറോയിഡിസം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമുണ്ടാകാം. ശാരീരിക അധ്വാനം കുറയുമ്പോള്‍ അല്ലെങ്കില്‍ വ്യായാമം കുറയുമ്പോള്‍ സ്വാഭാവികമായിട്ടും അമിതഭാരമുണ്ടാകുന്നു. ഇത് പിന്നീട്് ബുദ്ധിപരമായിട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കും.
പ്രായമായവരെ സംബന്ധിച്ച്് പ്രായാധിക്യരോഗങ്ങള്‍ കൊണ്ട് ഡിമന്‍ഷ്യ എന്ന രോഗമുണ്ടാകാം. മറവിരോഗം എന്നു അറിയപ്പെടുന്നെങ്കിലും, ഇതും ഒരു തരത്തില്‍ ഓര്‍മ്മക്കുറവ് തന്നെയാണ്്. ഓരോ പ്രായത്തിലും ഓര്‍മ്മക്കുറവ് പല തരത്തിലായിരിക്കും ഉണ്ടാകുന്നത്. എന്നാല്‍ കൗമാരപ്രായത്തിലും മധ്യവയസിലുമാണ് സ്ലീപ് അപ്നിയ പോലുള്ള രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്.
അമിതഭാരം മൂലം ഉറക്കത്തില്‍ ശ്വാസതടസമുണ്ടാകുന്നു. അതായത് ഉറക്കത്തില്‍ ഓക്സിജന്റെ കുറവ് അനുഭവപ്പെടുന്നതാണീ രോഗാവസ്ഥ. രാത്രിയില്‍ ഉറക്കം ശരിയാകാതെ പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങുന്ന അവസ്ഥ ഇവരില്‍ പതിവാണ്. ദിവസം മുഴുവനുള്ള പ്രവര്‍ത്തനത്തെയും ഇത് തടസപ്പെടുത്തും. ചില സാഹചര്യങ്ങളില്‍ അമിതഭാരം മൂലം ഗര്‍ഭസ്ഥശിശുവിന് ബുദ്ധിമാന്ദ്യം ഉണ്ടാകാനുള്ള സാധ്യതയും നിസാരമായി കണക്കാക്കാനാകില്ല.
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം
അമിതഭാരമുള്ള ചെറുപ്പക്കാരില്‍ ഓര്‍മക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവര്‍ക്കിടയില്‍ സാധാരണമാണ്്. നടന്ന സംഭവങ്ങള്‍ ഒരു കഥ പോലെ ഓര്മിച്ചെടുക്കാന് ഇവര്‍ക്ക്് കഴിഞ്ഞെന്നു വരില്ല. സാധാരണ ശരീരഭാരമുള്ളവരെ അപേക്ഷിച്ച് അമിതഭാരമുള്ളവര്‍ക്ക് പഴയകാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കാനോ, വിവരിക്കാനോ സാധിക്കില്ല.
ചെറുപ്പക്കാരിലെ അമിതഭാരം ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അനിയന്ത്രിതമായ ശരീരഭാരം യുവാക്കളുടെ സമ്മര്‍ദം കൂട്ടും. ഹൃദയമുള്‍പ്പെടെ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ അമിതഭാരം ദോഷമായി ബാധിക്കും.
പരിഹാരം എങ്ങനെ
അമിതഭാരം ഓര്‍മ്മശക്തിയെ നേരിട്ട് ബാധിക്കുന്നില്ല. ശാരീരികവും മാനസികവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ദോഷം ചെയ്യുമെന്നു മാത്രം. അമിതഭാരമുള്ളവര്ക്ക്് മറ്റുള്ളവരെ പോലെ വളരെ വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.
ഓര്‍മ്മശക്തി പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍. ഹൈപ്പോ തൈറോയിഡിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ നേരിട്ട് ഓര്‍മ്മശക്തിയെ ബാധിക്കുമെന്നതിനാല്‍ അമിതഭാരം നിയന്ത്രിക്കുകയെന്നത് ഏത് പ്രായക്കാര്‍ക്കും ബാധകമാണ്.
കുട്ടിക്കാലം മുതല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അമിതഭാരം കുറയ്ക്കാനാകും. ആരോഗ്യപരമായ ഭക്ഷണശീലത്തിന് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പരമാവധി കുറയ്ക്കുക. ഇലക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കലോറി കുറഞ്ഞ ഡയറ്റ് പിന്തുടരുക. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.
പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ചിലരില്‍ പാരമ്പര്യമായി അമിതഭാരം ഉണ്ടാകാനിടയുണ്ട്. അങ്ങനെയുള്ളവര്‍ നേരത്തെ തന്നെ ഭക്ഷണത്തില്‍ കുറച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് നന്നായിരിക്കും.
കടപ്പാട്:
ഡോ. മുനീര്‍ കെ. ബി
മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, തലശേരി