
ന്യൂഡല്‍ഹി: പിഎം മോഡി സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നമോ ടിവിക്കും ബാധകമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് കഴിയും വരെ നമോ ടിവിയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പേരിലുള്ള പരസ്യ ചാനല്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കമ്മീഷന് വിലയിരുത്തി.
നരേന്ദ്രമോഡിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാനായാണ് നമോ ടിവി ആരംഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പ്രമുഖ ഡിടിഎച്ച് ശൃഖംഗലകള് വഴി കഴിഞ്ഞ 31 നാണ് നമോ ടിവി സംരേഷണം ആരംഭിച്ചത്. മോഡിയുടെ ചിത്രം തന്നെയാണ് ടിവിയുടെ ലോഗോ ആയും ഉപയോഗിച്ചിരിക്കുന്നത്.
നമോടിവിയില് സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് കാട്ടി കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നമോ ടിവിയൂടെ വിശദാംശകള്‍ നല്കാന് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരിശോധന ചുമതല നല്‍കിയിരുന്നു. നമോ ടിവി പരസ്യ സംപ്രേക്ഷണത്തിനുള്ള ഡിടിഎച് സേവന ദാദാക്കളുടെ സംവിധാനം മാത്രമാണെന്നും പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചില്ല.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പ്രമേയമാക്കുന്ന പിഎം നരേന്ദ്രമോഡി എന്ന സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വിവേക് ഒബ്റോയിയാണ് പിഎം മോഡി ചിത്രത്തില്‍ നരേന്ദ്രമോഡിയുടെ വേഷം ചെയ്തിരിക്കുന്നത്.






