
ഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മൂത്രക്കല്ല് പുറത്തെടുത്ത് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രി. മാര്‍ച്ച് 23-ന് റോബോട്ടിന്റെ സഹായത്തോടെ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുത്തത് 22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ലായിരുന്നു ഇത്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശിനിയായ നതാശയുടെ ശരീരത്തില്‍ നിന്നാണ് കല്ല് പുറത്തെടുത്തത്.
മൂത്രക്കുഴലിനകത്തു നിന്ന് നീക്കംചെയ്ത ഏറ്റവും വലിയ മൂത്രക്കല്ലിന്റെ മുന്‍ റെക്കോഡ് 21.5 സെന്റിമീറ്ററുള്ള കല്ലിനാണ്. നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് കല്ല് പുറത്തെടുത്തത്. 'ഡാ വിന്‍സി' എന്ന റോബോട്ടിന്റെ സഹായത്തോടെ ഒറ്റ ശസ്ത്രക്രിയയില്‍ തന്നെ കല്ലിന്റെ മുഴുവന്‍ ഭാഗവും നീക്കം ചെയ്യാനായെന്നും അല്ലാത്ത പക്ഷം പല ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തേണ്ടി വന്നേനെയെന്നും ഗംഗാറാമിലെ സീനിയര്‍ യൂറോളജിസ്റ്റ് ഡോ. സച്ചിന് കഠൂരിയ പറഞ്ഞു.
ആദ്യ കാഴ്ചയില്‍ തന്നെ ഞെട്ടലുണ്ടാക്കിയതായെന്നും രോഗിക്ക് ഇതുവരെ മൂത്രക്കല്ലിന്റെ വേദനയോ കല്ലുള്ളതായുള്ള അറിവോ ഉണ്ടായിരുന്നില്ലെന്നും ഡോ. സച്ചിന് കഠൂരിയ കൂട്ടിച്ചേര്‍ത്തു. ഇന്നുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലുപ്പമേറിയതാണ് ഈ മൂത്രക്കല്ലെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയും റിപ്പോര്‍ട്ട് ചെയ്തു. ഡോ. സച്ചിന് കഠൂരിയും, ഡോ. അജയ് ശര്‍മ, ഡോ. വിക്രം ബത്ര എന്നിവരും റോബോട്ടിനൊപ്പം ശസ്ത്രക്രിയയില്‍ പങ്കാളികളായി.






