
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിനും ഒരു പങ്കുണ്ട്. വ്യായാമം എന്നത് ശരീരത്തെയോ ശരീരഭാഗങ്ങളെയോ ആരോഗ്യപരമായി നിലനിര്‍ത്തുന്നതിനായി, ചിട്ടയോടെയും ക്രമമായും ചെയ്യേണ്ട ശാരീരിക പ്രവര്‍ത്തിയാണ്. പ്രധാനമായി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, ശരീരഘടന നിലനിര്‍ത്തുക തുടങ്ങിയവയാണ് വ്യായാമത്തിലൂടെ ലക്ഷ്യമാക്കുന്നത്്.
ദിവസേന വ്യായാമം ചെയ്യുന്ന ഒരാളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യവും ഉന്മേഷവും ഉണ്ടാകും. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വ്യായാമം ആവശ്യമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയമിടിപ്പിന്റെയും ശ്വാസവായുവിന്റെയും തോത് വര്‍ധിക്കാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി വര്‍ധിക്കും.
അങ്ങനെ ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ അനുയോജ്യമായ രീതിയാണ് വ്യായാമം. മധ്യവയസിലെത്തുമ്പോള്‍ പലവിധ മാനസികക്ലേശങ്ങള്‍ അനുഭവിക്കുന്നവരാണ് ഏറെയും. ജോലിത്തിരക്ക്് ഉള്‍പ്പെടെ മറ്റു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് വ്യായാമം ശീലിക്കാവുന്നതാണ്.
അതുകൂടാതെ ഭയം, അമിത ഉത്കണ്ഠ ഇവ കുറയ്ക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യായാമം പ്രയോജനപ്പെടുത്താനാകും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ അമിത കലോറി എരിഞ്ഞു പോകുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും വ്യായാമം പ്രയോജനപ്രദമാണ്്. അതുപോലെ മസിലുകള്‍ക്ക് ദൃഢതയും ബലവും വര്‍ധിപ്പിക്കുന്നതിനും മധ്യവയസില്‍ വ്യായാമം ശീലമാക്കാവുന്നതാണ്.
സ്ട്രോക്ക് ഒഴിവാക്കാം
വ്യായാമം ഏത് പ്രായത്തിലും ആവശ്യമാണ്. പ്രത്യേകിച്ചും മധ്യവയസില്‍. പ്രായമേറുമ്പോള്‍ ശരീരബലം കുറയുന്നത് സാധാരണമാണ്. എന്നാല്‍ മധ്യവയസില്‍ പേശികളില്‍ ഉണ്ടാകുന്ന ബലക്ഷയം രോഗാവസ്ഥയായി മാറാനിടയുണ്ട്. രോഗങ്ങള്‍ തടയാനും രോഗാവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കാനും വ്യായാമം കൂടിയേ തീരൂ.
പ്രത്യേകിച്ച് കൊറോണറി ഹാര്‍ട്ട് ഡിസീസ്, മസിലുകളിലെ ബലക്ഷയം, പ്രമേഹം, അമിത വണ്ണം, വിഷാദം എന്നിവ കുറയ്ക്കാന്‍ വ്യായാമം പ്രയോജനപ്പെടും. വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ പേശികളുടെ ബലം വര്‍ധിക്കുന്നതിനും ഇടയാകും. ശാരീരിക അധ്വാനം കുറവുള്ളവരെ അപേക്ഷിച്ച് ശാരീരിക അധ്വാനമുള്ളവരില് സ്ട്രോക്കിന്റെ സാധ്യത കുറവായിരിക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പ് നിയന്ത്രിക്കുവാനും, സ്ട്രോക്കിനെ അതിജീവിക്കുവാനും കഴിയും.
ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും ദിവസേനയുള്ള വ്യായാമം ശീലമാക്കുന്നതിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിക്കുവാനും, അമിതവണ്ണം കുറയ്ക്കുവാനും സാധിക്കും. ഇവയൊക്കെ സ്ട്രോക്കിനെ തടയുന്നു. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കി, ആഹാരക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മധ്യവയസില്‍ ശീലമാക്കാവുന്ന വ്യായാമങ്ങള്‍
നാല്പത് വയസിനു ശേഷമുള്ള സ്ത്രീകളിലും പുരുഷന്മാരിലും കൈകളിലും കാലുകളിലുമുള്ള ബലക്കുറവ് പൊതുവേ അനുഭവപ്പെട്ട് തുടങ്ങും. അവരുടെ ശരീരത്തിലെ മസിലുകളിലുണ്ടാകുന്ന ഈ ബലക്കുറവ് പരിഹരിക്കാന്‍ വ്യായാമം അത്യാവശ്യമാണ്. സാധാരണയായി ഈ പ്രായത്തിലുള്ളവര്‍ക്ക് നിര്‍ദേശിക്കാവുന്ന രണ്ട് വ്യായാമങ്ങളാണ് എയ്റോബിക് വ്യായാമങ്ങളും സ്ട്രെങ്തനിങ് വ്യായാമങ്ങളും.
എയ്റോബിക് വ്യായാമം ശാരീരികവും മാനസികവുമായ ഉന്മേഷം നല്കുന്നു. നടത്തം, ഓട്ടം, സ്വിമ്മിങ്, സൈക്കിളിങ്, ജോഗിങ് എന്നിവയാണ് പ്രധാനപ്പെട്ട എയ്റോബിക് വ്യായാമങ്ങള്‍. ഇത്തരം വ്യായാമത്തിലൂടെ മസ്തിഷ്കത്തിലേക്കുള്ള പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുന്നു.
മറ്റൊന്ന് സ്ട്രെങ്തനിങ് വ്യായാമമാണ്്. ഈ വ്യായാമത്തിലൂടെ മസിലുകളുടെ ബലം കൂട്ടുന്നതിന് സഹായിക്കും. അതുപോലെ ഓരോ മസിലുകള്‍ക്കും പ്രത്യേകമായി ബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങളും ഇതിലുള്‍പ്പെടും. മധ്യവയസില്‍ പ്രധാനമായും കൈകളിലെ പേശികള്‍, കാലുകളിലെ പേശികള്‍, തോളിലെ പേശികള്‍, കൈ മുട്ട് തുടങ്ങിയ സന്ധികളിലാണ് വേദന കൂടുതലായി കാണുന്നത്.
അതിന് വ്യായാമത്തിലൂടെ ഓരോ പേശികള്‍ക്കും പ്രത്യേകം വ്യായാമം ശീലിക്കാവുന്നതാണ്. ഓരോ വ്യക്തികളുടെയും ശരീരികബലവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് വ്യായാമരീതികള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശമനുസരിച്ചുള്ള വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്.
മറ്റു രോഗങ്ങളുള്ളവര്‍ അറിയാന്‍
പലവിധ രോഗങ്ങളുള്ളവര്‍ രോഗാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വ്യായാമം തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. രോഗങ്ങളുള്ളവര്‍ ഏത് വ്യായാമം ചെയ്യുന്നതിനു മുന്‍പും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദ്രോഗമുള്ളവര്‍ ഡോക്ടറെ കണ്ട് അപകടസാധ്യത മനസിലാക്കി, രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. എല്ലാ വ്യായാമമുറകളും എല്ലാവര്ക്കും അനുയോജ്യമല്ല.
സമയം തിരഞ്ഞെടുക്കുമ്പോള്‍
രാവിലെയും വൈകുന്നേരവും വ്യായാമം ശീലമാക്കാവുന്നതാണ്. ഭക്ഷണം കഴിച്ചാലുടന്‍ വ്യായാമം ഒഴിവാക്കുക. ലഘുവായി ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനു ശേഷം വ്യായാമം ചെയ്യുന്നതില്‍ തെറ്റില്ല. വ്യായാമത്തിനായി 30 അല്ലെങ്കില്‍ 40 മിനിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. വ്യായാമത്തിന്റെ സമയദൈര്‍ഘ്യം ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും.
വ്യായാമം ആരംഭിക്കുന്ന അഞ്ച് മിനിറ്റും അവസാനത്തെ അഞ്ച് മിനിറ്റും മിതമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് രോഗങ്ങളുള്ളവര്‍ ആയാസരഹിതമായ വ്യായാമങ്ങള്‍ ശീലിക്കുന്നതായിരിക്കും ഉചിതം.
മധ്യവയസ് പലരോഗങ്ങളും ഉടലെടുക്കുന്ന സമയമായതിനാല്‍ ഈ പ്രായത്തില്‍ ആരോഗ്യപരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായ ജീവിതക്രമത്തിലൂടെയും നിത്യവുമുള്ള വ്യായാമത്തിലൂടെയും രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.
കപ്പാട്:
പ്രീതി പ്രകാശ്
ഫിസിയോതെറാപ്പി ഇന്‍ ചാര്‍ജ്
മാതാ ഹോസ്പിറ്റല്‍, തെള്ളകം