
മൂത്രത്തിനുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഒരുപിടി രോഗങ്ങളുടെ ലക്ഷണമാണെന്ന് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം, കടുത്ത മഞ്ഞനിറം, അളവിലെ കുറവ്, മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും മൂത്രം പോകാതിരിക്കുക, എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നല്‍ എന്നിവ മാത്രമേ നാം ഗൗരവമായി കാണാറുള്ളൂ.
അതേസമയം അത്രയൊന്നും ശ്രദ്ധ പതിയാത്ത അവസ്ഥയാണ് 'പതയുന്ന മൂത്രം' അഥവാ ഫോമി യൂറിന്‍. ഇതില്‍ ഇത്ര പുതുമ എന്തുണ്ട് എന്ന് ചിന്തിക്കാന്‍ വരെട്ടെ. ഇങ്ങനെ മൂത്രം പതയുന്നത് വല്ലപ്പോഴുമൊരിക്കലാണെങ്കില് പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല എന്നത് ശരിതന്നെ. പക്ഷേ, ഇടയ്ക്കിടെ അഥവാ എല്ലായ്പ്പോഴും മൂത്രം പതയുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കുന്നത് നന്ന്.
എന്തുകൊണ്ട് മൂത്രം പതയുന്നു
സാധാരണഗതിയില്‍ ഇളം മഞ്ഞനിറം അഥവാ വൈക്കോല്‍ നിറമുള്ള മൂത്രത്തില്‍ കാര്യമായ പതയൊന്നും ഉണ്ടാകാറില്ല. മൂത്രസഞ്ചി വല്ലാതെ നിറഞ്ഞതിനു ശേഷം ക്ലോസറ്റിലോ വെറും മണ്ണിലോ മുത്രമൊഴിക്കുമ്പോള് മുത്രമൊഴിക്കുന്നതിന്റെ ശക്തികാരണം പതയാറുണ്ട്. ഇത് വളരെ സാധാരണമാണ്. ഇതില്‍ ഭയപ്പെടേണ്ട കാര്യമില്ല. അതായത് വല്ലപ്പോഴുമൊരിക്കല്‍ പതയുള്ളമൂത്രം കണ്ടാല്‍ കാര്യമാക്കേണ്ടതില്ല എന്നര്‍ഥം.
നിര്‍ജലീകരണം കാരണവും വെള്ളം കുടി കുറയുന്നതു കാരണവും ഗാഢമായ മൂത്രമാണ് ഒഴിക്കുന്നതെങ്കിലും മൂത്രം പതയാറുണ്ട്. ഇതു കൂടാതെ ഗര്‍ഭിണികളുടെ മൂത്രവും സാധാരഗതിയില്‍ പതയോടുകൂടി കാണാറുണ്ട്. എന്നാല്‍ ഇടയ്ക്കിടയോ എല്ലായ്പ്പോഴുമോ മൂത്രം പതഞ്ഞു പൊങ്ങുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം.
വൃക്കയുടെ തകരാറുകള്‍ ഉള്ളവരില്‍ പല ലക്ഷണങ്ങളില്‍ ഒന്നാവാമിത്. മൂത്രത്തിലൂടെ ധാരാളം പ്രോട്ടീന്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ് വൃക്കരോഗികളില്‍ പതഞ്ഞ മൂത്രമുണ്ടാകുന്നത്.
റിട്രോഗ്രേഡ് ഇജാക്കുലേഷന് അഥവാ മൂത്ര സഞ്ചിക്കുള്ളിലേക്ക് ശുക്ലം വിസര്‍ജിക്കുന്ന അവസ്ഥ ഉള്ളവരിലും മൂത്രം പതയുന്നതായി കാണാറുണ്ട്. പതഞ്ഞ മൂത്രത്തോടൊപ്പം താഴെപറയുന്ന ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
1. മുഖത്തും കാലുകളിലുമുള്ള വീക്കം (ചിലപ്പോഴൊക്കെ വയറ്റിലും)
2. ക്ഷീണം
3. വിശപ്പില്ലായ്മ
4. ഓക്കാനവും ഛര്‍ദിയും
5. ഉറക്കക്കുറവ്
6. പുകനിറത്തിലുള്ള മൂത്രം
7. കടും നിറത്തിലുള്ള കുറഞ്ഞ അളവിലുള്ള മൂത്രം
മേല്‍പ്പറഞ്ഞവയെല്ലാം വൃക്കരോഗത്തിന്റെ കൂടിയായ ലക്ഷണങ്ങളാണ്. വൃക്കകളുടെ അരിപ്പകള്‍ ശരിയായവിധം പ്രവര്‍ത്തിക്കാതിരുന്നാല്‍ പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടാനിടയാകും. ഇങ്ങനെ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീന്‍ മൂത്രത്തിന്റെ പൊതുവായ പ്രതലബലം കുറയ്ക്കുന്നതിനാലാണ് മൂത്രം പതയുന്നത്.
പ്രമേഹമാണ് മൂത്രം പതഞ്ഞുപൊങ്ങാനുള്ള മറ്റൊരു കാരണം. മൂത്രത്തിലൂടെ അമിതമായി വിസര്‍ജിക്കപ്പെടുന്ന പഞ്ചസാരയാണ് മൂത്രം പതയാനുള്ള മറ്റൊരു കാരണം. പ്രമേഹ രോഗമാണ് മൂത്രത്തില്‍ പതയുണ്ടാകാനുള്ള കാരണമെങ്കില്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ കൂടി ഉണ്ടായേക്കാം.
1. അമിതമായ ദാഹം
2. വരണ്ട വായ
3. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക
4. അമിത വിശപ്പ്
5. തൊലിപ്പുറത്തെ ചൊറിച്ചില്‍
6. അമിതമായ ക്ഷീണം
7. കാഴ്ചയ്ക്ക് മങ്ങല്‍
രോഗനിര്‍ണയം
മൂത്രം പതഞ്ഞുപൊങ്ങുന്നതിന്റെ യഥാര്‍ഥകാരണം കണ്ടെത്തിയാല്‍ മാത്രമേ ചികിത്സിച്ച് ഭേദമാക്കാനാവൂ. മൂത്രത്തിലെ പ്രോട്ടീന്‍, പഞ്ചസാര എന്നിവയുടെ നില പരിശോധിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രോട്ടീന്‍ സാന്നിധ്യം (പ്രധാനമായും ആല്ബുമിന് എന്ന പ്രോട്ടീന്‍) കണ്ടെത്തിയാല്‍ അടുത്ത പടിയായി 24 മണിക്കൂറിനുള്ളില്‍ പുറത്തുപോകുന്ന പ്രോട്ടീനിന്റെ അളവ് കണ്ടെത്തേണ്ടതുണ്ട്. കൂട്ടത്തില്‍ ക്രിയാറ്റിനിന്‍, ബ്ലഡ് യൂറിയ, നൈട്രജന്‍ എന്നീ പരിശോധനള്‍ കൂടി നടത്തിയിട്ടു മാത്രമേ വൃക്കരോഗം സ്ഥിരീകരിക്കാനാവൂ. ചിലപ്പോള്‍ വൃക്കയുടെ സ്കാനിംഗും ചെയ്യേണ്ടിവന്നേക്കാം.
ചികിത്സ
മൂത്രം പതയുന്നതിന് പ്രത്യേകമായി ചികിത്സയില്ല. എന്തുകാരണം കൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത് അത് ചികിത്സിക്കുക എന്നതാണ് പോംവഴി.
1. ജീവിതശൈലി മെച്ചപ്പെടുത്തുക
2. രക്താതി സമ്മര്‍ദം നിയന്ത്രിക്കുക
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
4. പതിവായി വ്യായാമം ചെയ്യുക
5. പുകവലി നിര്‍ത്തുക
6. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ നിയന്ത്രിക്കുക എന്നിവയൊക്കെയാണ് പ്രമേഹവും വൃക്കരോഗവും നിയന്ത്രിക്കുവാനുള്ള പൊതുവായ വഴികള്‍. കടുത്ത പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പും വൃക്കരോഗം മൂര്‍ച്ഛിച്ചാല്‍ ഡയാലിസിസും വേണ്ടിവരും. മൂത്രസഞ്ചിയിലേക്ക് ശുക്ലം വിസര്‍ജിക്കുന്ന അവസ്ഥയുള്ളവര്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൂടി പരിശോധിച്ച് ആവശ്യമുള്ള ചികിത്സ സ്വീകരിക്കേണ്ടിവരും.
ഡോ. സുനില്‍ മൂത്തേടത്ത്
പ്രഫസര്‍, കോളജ് ഓഫ് നഴ്സിംഗ്
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍
സയന്‍സസ്, കൊച്ചി