
കോട്ടയം: കെവിന് വധക്കേസിലെ കൃത്യമായ ഗൂഢാലോചന വെളിപ്പെടുത്തി പ്രതികളുടെ അയല്‍വാസിയുടെ നിര്‍ണായകമൊഴി. കെവിന് കൊല്ലപ്പെട്ട വിവരം മണിക്കൂറുകള്‍ക്കകം ഷാനു ഫോണില്‍ അറിയിച്ചെന്നാണു ലിജോയുടെ മൊഴി. മുഖ്യപ്രതി ഷാനുവിന്റെ പിതാവ് ചാക്കോയുടെ സുഹൃത്തും അയല്‍വാസിയുമായ ലിജോയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്.
മൊഴി നല്‍കിയതിനു പിന്നാലെ, സാക്ഷിക്കൂട്ടില്‍ നിന്ന ലിജോയ്ക്കുനേരേ പ്രതികളില്‍ ഒരാള്‍ വധഭീഷണി മുഴക്കി. പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതിയാണു കഴുത്തറുക്കുമെന്ന ആംഗ്യം കാട്ടിയത്. ഇതേത്തുടര്‍ന്നു ലിജോയുടെ പരാതിപ്രകാരം കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചു. കോടതിയിലും പുറത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു ജഡ്ജി താക്കീതു നല്കി. സാക്ഷികള്‍ക്കു സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശിച്ചു.
''കെവിന് തീര്‍ന്നു'' വെന്നാണു രണ്ടുമണിക്കൂറിനുശേഷം ഷാനു ഫോണില്‍ അറിയിച്ചതെന്ന് 26-ാം സാക്ഷിയായ ലിജോ പറഞ്ഞു. ഷാനുവിന്റെ സഹോദരി നീനു, കെവിനൊപ്പം പോകുകയാണെന്നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എഴുതിനല്കിയിരുന്നതായും ലിജോ കോടതിയെ അറിയിച്ചു. ഈ ബന്ധത്തെ എതിര്‍ത്ത ഷാനു, പിതാവ് ചാക്കോയുടെ വാട്സ്ആപ്പില്‍നിന്നു കെവിന്റെ ചിത്രങ്ങള്‍ അയച്ചുനല്‍കി. ഷാനുവിനോടു പോലീസില്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിന് കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുമ്പ് നീനുവിന്റെ പിതാവ് കൊല്ലം സ്വദേശി ചാക്കോ കോട്ടയത്തെത്തിയതു ലിജോയ്ക്ക് ഒപ്പമാണ്. തുടര്‍ന്ന്, കെവിനെ നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കെവിനെ തട്ടിക്കൊണ്ടുപോയെങ്കിലും തങ്ങളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടെന്നാണു ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ പോലീസിനു നല്കിയ മൊഴി. എന്നാല്‍, കെവിന് മരിച്ചെന്നു ഷാനു അറിയിച്ചതായ സാക്ഷിമൊഴി കേസില്‍ വഴിത്തിരിവാകും.
നേരത്തേ പാലാ മജിസ്ട്രേറ്റ് കോടതിയിലും ലിജോ ഇക്കാര്യം രഹസ്യമൊഴിയായി നല്‍കിയിരുന്നു. കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും വെള്ളത്തില്‍ വീണുമരിച്ചതാകാമെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷിന്റെ വിസ്താരവും പൂര്‍ത്തിയായി. തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം അനീഷ് തിരിച്ചറിഞ്ഞു.
മുഖ്യപ്രതി ഷാനു ചാക്കോ, രണ്ടാംപ്രതി നിയാസ്, നാലാംപ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. 2018 മേയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന് പി. ജോസഫി(24)നെ കൊല്ലം, പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.






