
ഔഡി എ4 സെഡാന്, ഔഡി ക്യു7 എസ്യുവി മോഡലുകളുടെ ലൈഫ്സ്റ്റൈല്‍ എഡിഷന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഔഡി ക്യു7 ലൈഫ്സ്റ്റൈല്‍ എഡിഷന് 75,82,100 രൂപയും ഔഡി എ4 ലൈഫ്സ്റ്റൈല്‍ എഡിഷന് 43,09,000 രൂപയുമാണ് എക്സ് ഷോറൂം വില. കഴിഞ്ഞ മാസം ഔഡി എ6 ലൈഫ്സ്റ്റൈല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.
ഉപയോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് എ4, ക്യു7 മോഡലുകളുടെ ലൈഫ്സ്റ്റൈല്‍ എഡിഷന് അവതരിപ്പിക്കുന്നതെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.
മൊബീല്‍ എസ്പ്രെസ്സോ മേക്കര്‍, എന്‍ട്രി എല്‍ഇഡി ലൈറ്റുകള്‍, പിന് സീറ്റ് യാത്രക്കാര്‍ക്കായി എന്റര്ടെയ്ന്മെന്റ് സിസ്റ്റം, സൈഡ് റണ്ണിംഗ് ബോര്‍ഡുകള്‍ എന്നിവയാണ് ഔഡി ക്യു7 ലൈഫ്സ്റ്റൈല്‍ എഡിഷനിലെ അധിക സവിശേഷതകൾ. രണ്ട് സ്ക്രീനുകള്‍ ഉള്ളതാണ് റിയര്‍ സീറ്റ് എന്റര്ടെയ്ന്മെന്റ് സിസ്റ്റം. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകള്‍ സപ്പോര്‍ട്ട് ചെയ്യും.
'ആര്‍എസ്ഇ റിമോട്ട്' എന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഉപയോഗിക്കാം. സൈഡ് റണ്ണിംഗ് ബോര്‍ഡുകള്‍ നല്‍കിയതോടെ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും കൂടുതല്‍ എളുപ്പമാകും. കാറിന്റെ ഡോറുകള്‍ തുറക്കുമ്പോള്‍ താഴെ നിലത്ത് ഔഡി ലോഗോ പ്രദര്‍ശിപ്പിക്കുന്നതാണ് എന്‍ട്രി എല്‍ഇഡി ലൈറ്റുകള്‍.
ടെയ്ല്‍ഗേറ്റ് സ്പോയ്ലര്, സ്മോക്ക്ഡ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് ഔഡി എ4 ലൈഫ്സ്റ്റൈല്‍ എഡിഷനിലെ പുതിയ ഫീച്ചറുകള്‍. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് ഇന്ത്യയില്‍ ഔഡി ക്യു7 എസ്യുവിയുടെ എന്ജിന് ഓപ്ഷനുകള്‍.
245 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പെട്രോള്‍ എന്ജിന് 248 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് രണ്ട് എന്‍ജിനുകളുമായും സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു.
2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് ഔഡി എ4 സെഡാന്റെ എന്ജിന് ഓപ്ഷനുകള്‍. 187 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. പെട്രോള്‍ എന്ജിന് പുറപ്പെടുവിക്കുന്നത് 147 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. രണ്ട് എന്‍ജിനുകളിലും സ്റ്റാന്‍ഡേഡ് ആയി 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്.






