അഞ്ചുവര്‍ഷം പണിതിട്ടും മാസങ്ങള്‍ പോലും ആയുസ്സില്ലാതെ കോട്ടയം-ആലപ്പുഴ ജലപാത; പാലങ്ങളും പോളയും വീണ്ടും വിലങ്ങുതടി
അഞ്ചുവര്‍ഷം പണിതിട്ടും മാസങ്ങള്‍ പോലും ആയുസ്സില്ലാതെ കോട്ടയം-ആലപ്പുഴ ജലപാത; പാലങ്ങളും പോളയും വീണ്ടും വിലങ്ങുതടി
Authored by ശില്‍പ്പ പ്രശാന്ത് | Last updated: 27 Apr 2019, 3:47 PM | 2 min read
കോട്ടയം : അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊട്ടിഘോഷിച്ച് പുന:രാരംഭിച്ച കോട്ടയം-ആലപ്പുഴ ജലഗതാഗതം വീണ്ടും അവതാളത്തില്‍. പൊക്കുപാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നീണ്ടു പോയതിനെ തുടര്‍ന്നായിരുന്നു കോടിമതയില്‍ നിന്ന് മീനിച്ചിലാറിന്റെ കൈവഴിയിലൂടെയുള്ള യാത്ര തുടര്‍ച്ചയായ അഞ്ചുവര്‍ഷം നിലച്ചത്. വിവിധ പണികള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് 2018 ന് സര്‍വീസ് വീണ്ടും പുനരാരംഭിച്ചുവെങ്കിലും മാസങ്ങളുടെ ആയസ്സുപോലും സര്‍വീസിന് ഉണ്ടായില്ല.
പൊക്കുപാലങ്ങള്‍ വീണ്ടും തകരാറിലായതിനെ തുടര്‍ന്ന് കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് കാഞ്ഞിരം വരെയായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ പോളയും പാലങ്ങളുടെ തകരാറും മൂലം കാഞ്ഞിരം വരെ പോലും ബോട്ടിന് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
കാരാപ്പുഴ നാടങ്കരി പാലം, 16ല്‍ച്ചിറ പാലം, പാറോച്ചാല്‍, ചുങ്കത്ത് 30 ഇരുമ്പു പാലം, കാഞ്ഞിരം പാലം എന്നിവയാണു ജലയാത്രക്കിടെയുള്ള പൊക്കു പാലങ്ങള്‍. വിവിധ കാരണങ്ങളാല്‍ അഞ്ചുവര്‍ഷം വേണ്ടിവന്നു ഈ പാലങ്ങളുടെ പണികള്‍ തീരാന്‍. യന്ത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചുങ്കത്ത് മുപ്പതു പാലത്തിന്റെ പണിയാണ് ഏറ്റവും അവസാനം തീര്‍ന്നത്.ഇതോടെയാണു ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ പണികളൊക്കെ തീരാന്‍ അഞ്ചു വര്‍ഷം എടുത്തുവെങ്കിലും ആറു മാസം പോലും ബോട്ട് ഓടിയില്ല.
കാഞ്ഞിരം പാലത്തിന്റെ പണികള്‍ക്കായി രണ്ടാഴ്ച ഗതാഗതം നിര്‍ത്തിവച്ച് സഹകരിക്കണമെന്നു പൊതുമരാമത്ത് വകുപ്പ് ജലഗതാഗത അധികൃതരോട് അഭ്യര്‍ഥിച്ചു. നല്ല ഒരു പാലം വരുന്നതിനായി ജലഗതാഗത വകുപ്പ് പൂര്‍ണമായി സഹകരിച്ചു. 2012 ല്‍ കാഞ്ഞിരം പാലം പണി തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും രണ്ടാഴ്ചകൂടി നീട്ടിച്ചോദിച്ചു. പിന്നെ പാലം പണി അനന്തമായി നീണ്ടുപോയി. ഒടുവില്‍ കാഞ്ഞിരം പാലം തീര്‍ന്നപ്പോള്‍ ഇതിനു സമീപമുള്ള ചുങ്കം മുപ്പതു പാലം പണി തുടങ്ങി. ഇതു തീരാറായപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന മറ്റു ചെറിയ പാലങ്ങള്‍ എല്ലാം കേടായി. അതുംകൂടി നന്നാക്കി വന്നപ്പോഴേക്കും അഞ്ചുവര്‍ഷം എടുത്തു. മാത്രമല്ല കാഞ്ഞിരം കോടിമത ഭാഗത്ത് ബോട്ട് ഓടാതിരുന്നതിനാല്‍ തോട് പലവിധത്തില്‍ മലിനവുമായി.
പതിവുയാത്രക്കാര്ക്കു പുറമേ വിനോദ സഞ്ചാരികളും ബോട്ട് യാത്രയ്ക്കായി ഒഴുകിയെത്തിയിരുന്നു. എന്നാല്‍, ഒന്നിനും അധികം ആയുസ്സുണ്ടായില്ലെന്നു മാത്രം.
മുന്‍വര്‍ഷങ്ങളില്‍ സീസണ്‍കാലത്ത് ബോട്ടുകളുടെ പ്രതിദിന വരുമാനം 12000 രൂപ വരെ എത്തിയിരുന്നു. കാഞ്ഞിരത്തു യാത്ര അവസാനിപ്പിക്കുന്നതുമൂലം പ്രതിദിന വരുമാനത്തില്‍ 5000 രൂപയുടെ വരെ കുറവാണു വര്‍ഷങ്ങളായി ഉണ്ടാകുന്നത്. മൂന്നു ബോട്ടുകളിലായി 10 സര്‍വീസുകളായിരുന്നു ലക്ഷ്യം. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്.