കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെ കുടുക്കിയ ഒളിക്യാമറ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഒളിക്യാമറ ഓപ്പറേഷന് നടത്തിയ ചാനലില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചാനലിന്റെ നോയിഡ ഓഫീസില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. വാര്‍ത്താ വിഭാഗം മേധാവി ഉള്‍പ്പെടെ അഞ്ച് പേരുടെ മൊഴി പോലീസ് ശേഖരിച്ചു.
അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ കഴിഞ്ഞ ദിവസം എം.കെ രാഘവനെയും സഹായി ശ്രീകാന്തിനെയും കലക്ടര്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. വെള്ളിയാഴ്ചയാണ് മൊഴി എടുത്തത്.
തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍ പ്രവര്‍ത്തകരോട് തന്റെ ഡല്‍ഹി ഓഫീസില്‍ പണം എത്തിക്കാനാണ് എം.കെ രാഘവന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് 20 കോടി രൂപ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും എം.കെ രാഘവന് ഒളിക്യാമറ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളില്‍ അന്വേഷണം ആവശ്യപെപ്പട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേ പ്രകാരം എം.കെ രാഘവനെതിരെ നടക്കാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നടക്കാവ് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അഴിമതി നിരോധന നിയമപ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. ടി.വി9 ഭാരത് വര്‍ഷ് ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.






