
ഇന്ത്യയില്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ബിഎസ് 6 മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലാകുന്നത്. ബിഎസ് 4 ല്‍നിന്ന് ഇന്ത്യ നേരിട്ട് ബിഎസ് 6 ലേക്ക് പ്രവേശിക്കുകയാണ്.
വിവിധ മോഡലുകളുടെ ബിഎസ് 6 വേരിയന്റുകള്‍ ഡിസംബര്‍ മാസത്തോടെ വിപണിയിലെത്തിക്കുന്നത് ആരംഭിക്കും. മുഴുവന്‍ മോഡലുകളും ബിഎസ് 6 പാലിക്കുന്നതായിരിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷോയബ് ഫാറൂഖ് പറഞ്ഞു. എന്നാൽ, ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ചില മോഡലുകള്‍ അവസാനിപ്പിക്കുമെന്ന ആശങ്ക വേണ്ടെന്ന് ഷോയബ് ഫാറൂഖ് വ്യക്തമാക്കി. നിലവിലെ എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. അതേസമയം, ചില മോഡലുകളുടെ ബിഎസ് 6 വേര്‍ഷന്‍ വിപണിയിലെത്തുന്നതിന് കാലതാമസമെടുത്തേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ നിലവില്‍ പതിനാല് മോട്ടോര്‍സൈക്കിള്‍ മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2019 മോഡല്‍ ട്രയംഫ് സ്ക്രാംബ്ലര്‍ 1200 അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 മാര്‍ച്ച് 31 ന് മുമ്പ് ബിഎസ് 4 മോട്ടോര്‍സൈക്കിളുകള്‍ മുഴുവനായി വിറ്റുതീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.






