
പുതിയ മാരുതി എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കരുത്തുമായി വിപണിയില്‍. 9.86 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ 1.5 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ മോഡലുകള്‍ വിപണിയില്‍ അണിനിരക്കും. സിയാസിന് ശേഷം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ലഭിക്കുന്ന രണ്ടാമത്തെ മാരുതി കാറാണ് എര്‍ട്ടിഗ.
എര്‍ട്ടിഗയിലെ പുതിയ 1.5 ലിറ്റര്‍ DDiS 225 എഞ്ചിന് 94 bhp കരുത്തും 225 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. മൂന്നു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗ പതിപ്പിലുണ്ട്.
VDI മോഡലിന്റെ ഡൽഹി എക്സ്ഷോറൂം വില 9.86 ലക്ഷം രൂപ ആണ്. ZDI മോഡലിന് 10.69 ലക്ഷം രൂപയാണ് വില. 11.20 ലക്ഷം രൂപയാണ് എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ ZDI പ്ലസിന് വില .
24.2 കിലോമീറ്റര്‍ മൈലേജ് എര്‍ട്ടിഗ 1.5 ലിറ്റര്‍ ഡീസല്‍ കാഴ്ച്ചവെക്കും. പുതിയ എഞ്ചിന് ലഭിച്ചതൊഴിച്ചാല്‍ എര്‍ട്ടിഗയ്ക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
1.3 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ പതിപ്പിലുള്ളതുപോലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം 1.5 ലിറ്റര്‍ ഡീസല്‍ മോഡലിനില്ല. 180 mm ആണ് എംപിവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.
രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഡീസല്‍ വിപണിയിലേക്ക് തിരിച്ചുവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.






