ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ 14 എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനൊരുങ്ങി ബി.ജെ.പി. 14 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സമ്മതം അറിയിച്ചതായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടു. എന്നാല്‍ എ.എ.പി നേതാക്കളെ വിലയ്ക്കെടുക്കുന്നത് അത്ര എളുപ്പമല്ലെന്ന് മുഖ്യമന്ത്രി കെജ്രിവാള് മറുപടി നല്കി. ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
ഗോയല്‍ സാഹിബ് നിങ്ങള്‍ എവിടെയാണ് കുടുക്കിലായത് നിങ്ങള്‍ എത്ര തുകയാണ് നല്‍കിയത്. അവര്‍ എത്രയാണ് ആവശ്യപ്പെടുന്നത്. കെജ്വിവാള്‍ ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും കെജ്രിവാള് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
മോഡിജി ഓരോ സംസ്ഥാനത്തെയും പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരെ വിലയ്ക്കെടുത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ നിങ്ങള്‍ താഴെയിറക്കാറുണ്ടോ ഇതേണോ ജനാധിപത്യത്തെക്കുറിച്ചുള്ള നിര്‍വചനം. നിങ്ങള്‍ എ.എ.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ കുറെ തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ വിലയ്ക്കെടുക്കു എന്നത് എളുപ്പമല്ലെന്നും കെജ്രിവാള് പറഞ്ഞു.
എ.എ.പി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ച് 14 എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നുവെന്നാണ് വിജയ് ഗോയലിന്റെ അവകാശവാദം. അല്ലാതെ ബി.ജെ.പിക്ക് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ലെന്നും വിജയ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.






