
കോട്ടയം: കത്തോലിക്കാ വിശ്വാസിയും അവതാരകയുമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹമാണ് കത്തോലിക്കാ സഭയെ ഇപ്പോള് ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളാണ് ഈ ദിവസങ്ങളില് സോഷ്യല് മീഡിയയില് ഏറെ പ്രചരിക്കുന്നത്. മാനന്തവാടി രൂപതാംഗമായ ഫാ.നോബിള് തോമസ് പാറയ്ക്കല് എന്ന വൈദികനാണ് ഈ ചര്ച്ചയ്ക്ക് തുടക്കമിട്ടത്. ഇവരുടെ കല്യാണത്തിന്റെ പേരില് സഭയെ ചില ക്രിസ്ത്യന് ഗ്രൂപ്പുകളില് വന്ന ട്രോളാണ് ഇത്തരമൊരു പോസ്റ്റ് എഴുതാന് പ്രേരിപ്പിച്ചതെന്ന മുഖവുരയോടെയാണ് ഫാ.നോബിള് തന്റെ നിലപാട് എഴുതുന്നത്.
അതേസമയം, സീറോ മലബാര് സഭാ വിശ്വാസിയായ പേളി മാണിയുടെ വിവാഹം നടന്നത് സഭാ നിയമപ്രകാരവും അവര് ഇരുവരുടേയും സമ്മതപ്രകാരവുമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത ജാഗ്രത സമിതി ജാഗ്രതാ സമിതി കണ്വീനര് ഫാ.ഡോ.പോള് കരേടന് വ്യക്തമാക്കി.
എന്നാല് സഭയില് ഇതാദ്യമായല്ല മിശ്രവിവാഹം നടക്കുന്നതെന്നും കേരളത്തില് കഴിഞ്ഞ 20 നൂറ്റാണ്ടുകളായി മിശ്ര വിവാഹങ്ങള് നടക്കുന്നുണ്ടാകണമെന്ന് സീറോ മലബാര് സഭ വിശ്വാസിയും 'ന്യൂസ്എന്ഇന്ത്യ' ഓണ്ലൈന് ഉടമയുമായ സിറിയക് സെബാസ്റ്റിയന് പ്രതികരിക്കുന്നു. ക്രൈസ്തവ പാരമ്പര്യം പരിശോധിച്ചാല് പഴയനിയമത്തിലും പുതിയ നിയമത്തിലും മിശ്ര വിവാഹിതരായ നിരവധി ദമ്പതികളെ കാണാം. പുതിയ നിയമത്തില് ഇത്തരത്തില് എടുത്തുപറയാവുന്ന വ്യക്തിത്വമാണ് മോണിക്ക പുണ്യവതിയുടെത്.
പൗരാണിക യൂഹദ സമൂഹത്തിലും വിവാഹമുണ്ട്. വിവാഹമോചനവുമുണ്ട്. ഹിന്ദുവായാലും മുസല്മാനായാലും ബൗദ്ധനായാലും ജൈനന് ആയാലും അവിടെയെല്ലാം വിവാഹവും വിവാഹമോചനവുമുണ്ട്. കേരള ക്രൈസ്തവ സമൂഹം ലോകമെമ്പാടും ചിതറിക്കടക്കുന്ന ഒരു സമൂഹമാണിപ്പോള്. മിശ്രവിവാഹങ്ങള്ക്ക് മുമ്പത്തേക്കാള് സാധ്യതകള് വര്ദ്ധിക്കുന്നു. ടെലിവിഷനിലൂടെ ഒരു പേളി മാണി സെലിബിറ്റി ആയതുകൊണ്ട് നാം അവളെയറിയുന്നു. അവളുടെ വിവാഹം അമലപോളിന്റെ വിവാഹം ഒക്കെ നാം നല്ലതുപറഞ്ഞും പുലഭ്യം പറഞ്ഞും ആഘോഷിക്കുന്നുണ്ട്. അറിയപ്പെടാത്ത പേളി മാണിമാര് ഒത്തിരി നമുക്കിടിയിലുണ്ട്. വിവാഹവും നടക്കുന്നുണ്ട്. ഒരു പ്രശ്നവും കൂടാതെ ജീവിച്ചുമരിച്ചുപോകുന്നുമുണ്ട്. അവരുടെ മക്കളും നമ്മുക്കിടെയിലുണ്ട്.
സെലിബ്രിറ്റി വിവാഹങ്ങള് വിവാഹമോചനത്തില് അവസാനിക്കുന്നുവെന്ന് ചിലര് എഴുതിക്കണ്ടു. എറണാകുളത്തേയും ഏറ്റുമാനൂരിലേയും തിരുവല്ലയിലെയും കുടുംബക്കോടതികളില് ഒന്നുപോകുക. വിവാഹമോചനക്കേസുകള് സെലിബ്രിറ്റിളുടെത് മാത്രമാണോ എന്ന് പരിശോധിക്കാനും സിറിയക് സെബാസ്റ്റിയന് പറഞ്ഞുവയ്ക്കുന്നു.

മൂന്നു പേരുടെയും പോസ്റ്റുകളിലൂടെ:
"പേളി മാണിയുടേത് കൗദാശികവിവാഹമല്ല"
മിനിസ്ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര് സഭയുടെ ദേവാലയത്തില് ആശീര്വ്വദിക്കപ്പെട്ടതിനെ തുടര്ന്ന് വ്യാപകമായ ചര്ച്ചകള് സാമൂഹ്യമാധ്യമങ്ങള് നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന് അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യന് ട്രോള്സ് തുടങ്ങിവച്ച ട്രോള് പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില് യാഥാര്ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള് ഇതാണ്:
- കാശുനല്കിയാല് ഏതുതരം കല്യാണവും പള്ളിയില് വച്ച് നടത്തും. സന്പന്നര്ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്ഭങ്ങളില് ഈ ആനുകൂല്യം രൂപതാമെത്രാന് ആര്ക്കും നല്കും)
- പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം - സെലിബ്രിറ്റികള്ക്ക് അതിന്റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോള് പരാമര്ശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് - താഴോട്ട് വായിക്കുക)
- ക്രൈസ്തവ ദേവാലയങ്ങളില് ഇത്തരം അശ്ലീലം നടത്താന് പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിര്വ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് - അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട് - അത് അശ്ലീലമല്ല).
പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോള് പേജുകളും നാമമാത്ര സഭാസ്നേഹികളും വീണുപോകുന്നത്.
മൂന്ന് രീതിയില് കത്തോലിക്കാസഭയില് നടത്തപ്പെടുന്ന വിവാഹങ്ങളെ മനസ്സിലാക്കാന് സാധിക്കും.
1. രണ്ട് കത്തോലിക്കര് തമ്മിലുള്ള വിവാഹം - മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കര് തമ്മില് നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (Sacrament). കേരളത്തില് ലത്തീന്, സീറോ മലബാര്, സീറോ മലങ്കര സഭാഗംങ്ങള് തമ്മില്ത്തമ്മില് നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തില് കൗദാശികമാണ്. ഇതില് ഏതു റീത്തിലുള്ള ആള്ക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതില് നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തില് തന്നെയുള്ളവരെ വിവാഹം കഴിക്കാന് വിശ്വാസികള് പരിശ്രമിക്കണമെന്ന് സഭ ഓര്മ്മിപ്പിക്കാറുണ്ട്.
2. മിശ്രവിവാഹം (Mixed Marriage) - കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്റെ അനുവാദം ആവശ്യമുണ്ട്. മിശ്രവിവാഹം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാല് അത്തരം വിവാഹങ്ങള് നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങള് പങ്കാളികള് ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാല് കൗദാശികവിവാഹങ്ങളാണ് (Sacramental Marriages).
'പേളിയുടെ വിവാഹം നടന്നത് സഭാ നിയമപ്രകാരവും അവര് ഇരുവരുടെയും സമ്മതപ്രകരവുമാണ്.
അവള്ക്കു സഭയില് നില്ക്കണമെന്നും, കുഞ്ഞുങ്ങളെ ക്രിസ്തവ വിശ്വാസത്തില് വളര്ത്താന് സമ്മതമാണെന്നും, മറ്റു മതാചാരപ്രകാരം വിവാഹംനടത്തില്ലെന്നും എഴുതികൊടുത്തതിന് ശേഷം അവര്ക്കു (disparity of cult) കൊടുത്ത അനുവാദപ്രകാരമാണ് വിവാഹം നടന്നത്. ഒരു സഭാംഗം ക്രിസ്തുസ്നേഹത്തില് നിന്നും നാം തിരിച്ചറിഞ്ഞ സത്യ ദൈവവിശ്വാസത്തില് നിന്നും അകന്നു പോകതിരിക്കാന് സഭ കാണിക്കുന്ന കാരുണ്യത്തിന്റെ നടപടിയാണിത്. അവശ്യസമയത്തു ഏതൊരു വിശ്വാസിക്കും ലഭിക്കുന്ന അനുകുല്യമാണിത്. തെറ്റിധാരണകള് പ്രചരിപ്പിക്കല്ലേ'-എറണാകുളം-അങ്കമാലി അതിരൂപത ജാഗ്രത സമിതി കണ്വീനര് ഫാ.കരേടന് പറയുന്നു.പേളിമാണിയുടെ വിവാഹം വലിയ സഭാവിഷയമാക്കി ഉയര്ത്തുന്നവര്ക്കെതിരെയാണ് സിറിയക് സെബാസ്റ്റ്യന്റെ മറുപടി. അതിങ്ങനെയാണ്.
സെലിബ്രിറ്റി വിവാഹങ്ങൾ ഉയർത്തുന്ന പൊല്ലാപ്പ്
പേളി മാണിയെന്ന സ്വൽപ്പം പ്രസിദ്ധയായ ഒരു ക്രിസ്ത്യാനി സ്ത്രീയുടെ (18 വയസിനു മുകളിലുള്ളവ female gender ലുള്ളവരെ സ്ത്രീകൾ എന്നും 21 വയസിനു മുകളിൽ ഉള്ള male gender ൽ ഉള്ളവരെ പുരുഷന്മാർ ( എന്നുമാണ് രാഷ്ട്രം അഭിസംബോധന ചെയ്യുന്നത് ) വിവാഹമാണ് ഇപ്പോൾ ക്രിസ്തീയ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം .
കേരളത്തിൽ കഴിഞ്ഞ 20 നൂറ്റാണ്ടുകളായി മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടാകണം .
യഹൂദ മതത്തിന്റെ extension ആയി ക്രിസ്തുമതത്തെ പ്രൊജക്റ്റ് ചെയ്യാനാണ് ക്രൈസ്തവ പുരോഹിത ബ്രഹ്മണ്യത്തിന് താത്പര്യം .അതുകൊണ്ടു മാത്രം സ്വൽപ്പം പഴയനിയമവും പറയാം .
പലനൂറ്റാണ്ടുകളും പ്രവാസികളായി ജീവിച്ചവരാണ് യഹൂദർ .സാംസൺ എന്ന മല്ലൻ ദലീല എന്ന ഫിലിസ്തീനി സ്ത്രീയെ വിവാഹം കഴിക്കുന്ന സംഭവം പഴയനിയമത്തിലെ ഏതാനും അദ്ധ്യായങ്ങൾ എടുത്തു പറയുന്ന സംഭവം / കഥയാണ് .സമൂഹം പുതിയ നിയമകാലത്തിലേക്ക് വരുമ്പോൾ മിശ്ര വിവാഹിതരായ പല ദമ്പതിമാരെ കാണാം .അതിൽ എടുത്തു പറയാവുന്ന വ്യക്തിത്വമാണ് മോണിക്ക പുണ്യവതി.
ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നാണ് ബൈബിൾ പറയുന്നത് .ഇപ്പോൾ നമുക്കറിയാം സ്ത്രീയും പുരുഷനും മാത്രമല്ല ഒരു മൂന്നാം ലിംഗവും ഉണ്ടെന്ന സത്യം.
സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായ ലൈംഗിക ബന്ധത്തിന് സമൂഹം നൽകുന്ന ലൈസൻസ് ആയാണ്, അതായത് ഭാര്യക്കും ഭർത്താവിനും ലൈംഗിക ബന്ധത്തിലേർപ്പെടാനും അതിലുണ്ടാകുന്ന മക്കളെ വളർത്താനുമുള്ള ലൈസൻസ് സമൂഹം നൽകുന്നതാണ് വിവാഹം അഥവാ marriage .ക്രിസ്തീയ സമൂഹം അതിന് കൂദാശ എന്ന ഓമനപ്പേരു നൽകി വിളിക്കുന്നു .
പൗരാണിക യഹൂദസമൂഹത്തിലും വിവാഹമുണ്ട് ,വിവാഹമോചനവുമുണ്ട് .
ഹിന്ദുവായാലും മുസൽമാനായാലും ബൗദ്ധനായാലും ജൈനൻ ആയാലും അവിടെയെല്ലാം വിവാഹവുമുണ്ട് ,വിവാഹമോചനവുമുണ്ട് .നാസ്തികർക്കും ഇതു രണ്ടുമുണ്ട് .അതായത് മനുഷ്യസമൂഹം അക്രമം കൂടാതെ ലൈംഗികബന്ധത്തിലേർപ്പെടാൻ നൽകുന്ന ലൈസൻസാണ് വിവാഹം.അക്രമം ഉണ്ടാകാതിരിക്കാനാണ് വിവാഹമോചനവും .







Comments