തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 13 സീറ്റ് ലഭിക്കുമെന്ന് സി.പി.ഐ വിലയിരുത്തല്‍. സി.പി.ഐ മത്സരിക്കുന്ന തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം സീറ്റുകള്‍ ഉള്‍പ്പെടെ 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വടകരയിലും തിരുവനന്തപുരത്തും ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നുവെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.
കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, ഇടുക്കി എന്നീ മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് സി.പി.ഐ വിലയിരുത്തല്‍. തിരുവനന്തപുരത്ത് കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാശാല, കോവളം നിയോജക മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനായിരിക്കും ലീഡ്. കഴക്കൂട്ടത്തും കോവളത്തും 10,000 വോട്ടിന്റെ ലീഡ് ഉണ്ടാകുമെന്നും സി.പി.ഐ വിലയിരുത്തുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും ഈഴവ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായെന്നും സി.പി.ഐ വിലയിരുത്തുന്നു.
ബി.ജെ.പിക്ക് നേമത്ത് മാത്രമേ മേല്‍ക്കൈ ഉണ്ടാകൂ എന്നാണ് സി.പി.ഐ വിലയിരുത്തല്‍. യു.ഡി.എഫ് അനുകൂല ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടായി. ഇതാണ് തൃശൂരില്‍ പാര്‍ട്ടി പ്രതീക്ഷ വയ്ക്കുന്നതിന്റെ കാരണം. തൃശൂരില്‍ ന്യുനപക്ഷത്തിന്റെ വോട്ടുകള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായെന്നും സി.പി.ഐ പറയുന്നു.
കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണിയിലേക്ക് വന്നത് മാവേലിക്കരയില്‍ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ചങ്ങനാശേരി ഒഴികെ ആറ് നിയോജക മണ്ഡലങ്ങളിലും ഇടതുമുന്നണി മേല്‍ക്കൈ നേടും. മാവേലിക്കര, കൊട്ടാരക്കര മണ്ഡലങ്ങളില്‍ 15,000ത്തിലേറെ വോട്ടിന്റെ ലീഡ് നേടുമെന്നും സി.പി.ഐ വിലയിരുത്തുന്നു.
ജയവും തോല്‍വിയും വിലയിരുത്തുന്നതിനേക്കാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് സി.പി.ഐ മുന്‍ഗണന നല്‍കിയത്. ഓരോ മണ്ഡലത്തിന്റെയും ചുമതല ഉണ്ടായിരുന്ന നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുമ്പില്ലാത്ത വിധം ഐക്യത്തോടെയാണ് ഇടതുമുന്നണി പ്രവര്‍ത്തിച്ചതെന്നും സി.പി.ഐ വിലയിരുത്തി. വയനാട്ടില്‍ ഇതുപോലൊരു പ്രവര്‍ത്തനം മുമ്പ് ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയെയാണ് ഉത്തേജിപ്പിച്ചതെന്നും സി.പി.ഐ വിലയിരുത്തി.






