
തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ കോലമേന്തി വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറന്നു പ്രത്യക്ഷനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍, മസ്തകം ഉയര്‍ത്തിപ്പിടിച്ച് ഗോപുരനടയില്‍ ജനാവലിയെ അഭിവാദ്യം ചെയ്തു തുമ്പിെക്കെയുയര്ത്തിയ രാമചന്ദ്രന് പൂരം വിളംബരം ചെയ്യാന്‍ ലഭിച്ച ആറാമത്തെ അവസരം അവിസ്മരണീയമാക്കി. ഇന്നാണു പൂരം.
ഒരു മണിക്കൂര്‍ മാത്രം എഴുന്നള്ളിക്കാന്‍ അനുമതി ലഭിച്ച രാമചന്ദ്രനെ പ്രത്യേകം സജ്ജമാക്കിയ ലോറിയിലാണു കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍നിന്നു വടക്കുംനാഥന്റെ മണ്ണിലെത്തിച്ചത്. ഭഗവതിയുടെ തിടമ്പ് നെയ്തലക്കാവ് ദേവീദാസനില്നിന്നു മണികണ്ഠനാല്ക്കല്വച്ച് ഏറ്റുവാങ്ങി ശ്രീമൂലസ്ഥാനം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ചു. കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, കേളി എന്നിവയ്ക്കു ശേഷമാണു തെക്കേനടയിലേക്ക് എഴുന്നള്ളിയ രാമചന്ദ്രനെ ജനക്കൂട്ടം ആര്‍പ്പുവിളിയോടെ സ്വീകരിച്ചു.
ആ തലയെടുപ്പ് കാണാനും ചിത്രമെടുക്കാനും പ്രസിദ്ധമായ തെക്കോട്ടിറക്കത്തിനെ അനുസ്മരിപ്പിക്കുന്നവിധം ആള്‍ക്കൂട്ടം തിക്കിത്തിരക്കി. ബാരിക്കേഡ് കെട്ടി ജനക്കൂട്ടത്തെ പത്തു മീറ്റര്‍ അകലെയാണു നിര്‍ത്തിയത്. 2.10 കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്താണു രാമചന്ദ്രനെ എത്തിച്ചത്. നെറ്റിപ്പട്ടമഴിച്ച് കൊമ്പനെ ലോറിയില്‍ കയറ്റി യാത്രയയച്ചതിനു ശേഷമാണു ജനം പിരിഞ്ഞത്.
പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതവും 'ഗ്രേറ്റ് സിംഫണി'യായി അറിയപ്പെടുന്ന ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടും സമ്മോഹനമാക്കുന്ന പൂരദിനത്തിനു തുടക്കമിട്ട് രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും തുടര്‍ന്നു ഘടകപൂരങ്ങളെത്തും. 11.30-നു നടുവില്‍മഠത്തിലെ ആചാരങ്ങള്‍ കഴിയുന്നതോടെ തിമിലയില്‍ കോങ്ങാട് മധുവിന്റെ ആദ്യ പെരുക്കത്തിനൊപ്പം തിരുവമ്പാടിയുടെ മഠത്തില്‍വരവ് തുടങ്ങും. അരമണിക്കൂര്‍ കൊണ്ടു പഴയനടക്കാവില്‍ വാദ്യലഹരിയുടെ ഗോപുരം കൊട്ടിയുയരും. തിരുവമ്പാടി ചന്ദ്രശേഖര്‍ കോലമേന്തും. ഉച്ചയ്ക്കു 12-ന് പാറമേക്കാവിലമ്മയുടെ കൂട്ടിയെഴുന്നള്ളത്ത്. ക്ഷേത്രത്തിനുമുന്നില്‍ കൊമ്പന് ഗുരുവായൂര്‍ നന്ദന് കോലമേന്തും.
അവിടെ 30 സെറ്റ് കുടകള്‍ മാറും. പെരുവനം കുട്ടന്മാരാര് തുടര്‍ച്ചയായി 21-ാംവര്‍ഷം പ്രമാണിയാകുന്ന ഇലഞ്ഞിത്തറമേളത്തുടക്കം ഇവിടെ നിന്നാണ്. ഉച്ചയ്്ക്കു രണ്ടു മുതലാണ് ലഞ്ഞിത്തറമേളം. മുന്നൂറോളം ചെണ്ടക്കാര് അണിനിരക്കും. പാണ്ടിമേളത്തിന്റെ ഒലുമ്പലോടെയാണ് മേളത്തിന്റെ രസക്കൂട്ടൊരുക്കുക. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ 'െദെവികസദസ്' എന്നറിയപ്പെടുന്ന തെക്കോട്ടിറക്കവും കുടമാറ്റവും. തെക്കോട്ടിറക്കം കാണാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. നാളെ രാവിലെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു കൊട്ടിക്കയറും. തുടര്‍ന്നു ഉച്ചയ്ക്ക് 12 ന് ഉപചാരം ചൊല്ലിപ്പിരിയും. അതിശക്തമായ സുരക്ഷാസംവിധാനത്തിനു നടുവിലാണ് ഇക്കുറി പൂരം. പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം മെറ്റല്‍ ഡിറ്റക്ടറിലൂടെയാണു പ്രവേശനം.






